34,000 ശാസ്ത്ര പ്രോജക്ടുകൾ; ഗിന്നസ് ബുക്കിൽ ഇടം നേടി സൗദി നാഷണൽ ഒളിമ്പ്യാഡ് 'ഇബ്ദാഅ് 2026'
ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷൻ സൊല്യൂഷൻസ് മത്സരത്തിനാണ് അവാർഡ്
Update: 2026-01-29 12:07 GMT
റിയാദ്: സൗദിയിലെ നാഷണൽ ഒളിമ്പ്യാഡ് ഫോർ സയൻറിഫിക് ക്രിയേറ്റിവിറ്റിയുടെ 16-ാമത് പതിപ്പായ 'ഇബ്ദാഅ് 2026'ന് ഗിന്നസ് റെക്കോർഡ്. കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി 'മൗഹിബ'യുടെ നേതൃത്വത്തിലാണ് പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ഇന്നൊവേഷൻ സൊല്യൂഷൻസ് മത്സരത്തിനാണ് അവാർഡ്.
മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ നാഷണൽ ഒളിമ്പ്യാഡ് ഫോർ സയന്റിഫിക് ക്രിയേറ്റിവിറ്റി അവാർഡുകൾക്കായി 34,000-ത്തിലധികം ശാസ്ത്ര പ്രോജക്ടുകൾ സമർപ്പിച്ചതിനെ തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 3,57,000-ത്തിലധികം വിദ്യാർഥികളാണ് പരിപാടിക്കായി രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 22.7% വർധനയാണുണ്ടായത്.