നാല് കുടുംബങ്ങൾക്ക് 40 ലക്ഷം നൽകി റിയാദ് കെഎംസിസി
മരണപ്പെട്ട നാല് പ്രവാസികളുടെ കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം വീതം വിതരണം ചെയ്തത്
റിയാദ്: റിയാദ് കെഎംസിസി കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് നാല് കുടുംബങ്ങൾക്ക് 40 ലക്ഷം രൂപ നൽകി റിയാദ് കെഎംസിസി. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാല് പ്രവാസികളുടെ കുടുംബങ്ങൾക്കാണ് പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് തുക കൈമാറിയത്. പ്രവാസ ലോകത്ത് തളർന്നുപോകുന്നവരെയും അവരുടെ കുടുംബങ്ങളെയും ചേർത്ത് നിർത്തുന്നതിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കാണിക്കുന്ന താല്പര്യം മാതൃകാപരമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറുവർഷത്തിനിടയിൽ കുടുംബ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് തന്നെ കോടിക്കണക്കിന് രൂപയുടെ സഹായം നൽകാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
ഒരോ വർഷവും പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്നും പദ്ധതിയിലെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന കാര്യങ്ങൾ ഉൾപ്പടെ സെൻട്രൽ കമ്മിറ്റിയുടെ പരിഗണനയിലുണ്ടെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും അറിയിച്ചു.
ചടങ്ങിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സാമൂഹ്യ കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്‌മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി സി മജീദ്, നജീബ് നല്ലാങ്കണ്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡന്റ് സുഹൈൽ അമ്പലക്കണ്ടി, സെക്രട്ടറിയേറ്റംഗങ്ങളായ റസാഖ് വളക്കൈ, റാഷിദ് ദയ, നൗഷാദ് ചാക്കീരി, വിവിധ ഘടകങ്ങളിലെ കെഎംസിസി നേതാക്കളായ സൈദ് മീഞ്ചന്ത, റഷീദ് മണ്ണാർക്കാട്, റാഫി പയ്യാനക്കൽ, ഹമീദ് ക്ലാരി, എം എൻ അബൂബക്കർ, മെമി മാങ്കടവ് ജാഫർ സ്വാദിഖ് തളിപ്പറമ്പ്, ഇബ്രാഹിം കായലം, ഗഫൂർ ചാലിയം എന്നിവർ പങ്കെടുത്തു.