സൗദി തല ചെസ് മത്സരത്തിൽ മലയാളി വിദ്യാർഥിക്ക് വിജയം
പ്രവാസി കണ്ണൂർ-കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാംസ്‌കാരിക കേന്ദ്രമായ വേൾഡ് കൾച്ചറൽ സെൻറർ ഇത്‌റ സംഘടിപ്പിച്ച ജൂനിയർ ചെസ്സ് മത്സരത്തിൽ മലയാളി വിദ്യാർഥിക്ക് വിജയം. കണ്ണൂർ സ്വദേശി അഹാൻ ഷക്കീർ മത്സരത്തിൽ രണ്ടാം സ്ഥാനമാണ് നേടിയത്. പ്രവാസിയായ ഷക്കീർ ബിലാവിനകത്തിന്റെ മകനാണ് അഹാൻ ഷക്കീർ.
വിജയിയായ അഹാനെ പ്രവാസി കണ്ണൂർ-കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ദമ്മാമിലെ ഡെസേട്ട് ക്യാമ്പിൽ നടന്ന സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫയർ കിഴക്കൻ പ്രവിശ്യാ ഫിനാൻസ് സെക്രട്ടറി നവീൻ കുമാർ സ്‌നേഹോപഹാരം സമ്മാനിച്ചു. കണ്ണൂർ - കാസർകോട് ജില്ലാ പ്രസിഡന്റ് ബിനാൻ ബഷീർ, ഈസ്റ്റേൺ പ്രൊവിൻസ് പ്രസി. അബ്ദുൽ റഹീം തിരൂർക്കാട്, ദമ്മാം റിജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദലി, ജാബിർ, ജമാൽ പയ്യന്നൂർ, ബഷീർ കണ്ണൂർ, ഫാത്തിമ ഹാഷിം എന്നിവർ സംബന്ധിച്ചു. അഹാന്റെ മികച്ച നേട്ടത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.