Writer - razinabdulazeez
razinab@321
റിയാദ്: സ്വന്തമായി വീടുള്ള സ്വദേശികളുടെ എണ്ണത്തിൽ വർധനവുമായി സൗദി അറേബ്യ. അറുപത്തി ആറ് ശതമാനത്തിലധികമാണ് വർധന. റിയാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം റിയാദിലായിരുന്നു മന്ത്രിസഭ യോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലായിരുന്നു സഭ. വിവിധ പദ്ധതികളുടെ ഭാഗമായാണ് നേട്ടം. ഭവനങ്ങൾ സഹായമായി ലഭിച്ച ഗുണഭോക്താക്കൾ പത്തു ലക്ഷം കടന്നെന്നും കണക്കുകൾ പറയുന്നു. ബഹ്റൈനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും സഭയിൽ ചർച്ചകൾ പുരോഗമിച്ചു. ഗസ്സയിലെ സമാധാന കൗൺസിലിന്റെ ദൗത്യത്തിന് സൗദിയുടെ പിന്തുണ വീണ്ടും ഉറപ്പിക്കാനും സഭയിൽ തീരുമാനമായി. ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലെ സൗദിയുടെ പങ്കാളിത്തം, റിയാദിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനം എന്നിവയെ യോഗം പ്രശംസിച്ചു.
കിംഗ് സൽമാൻ റിലീഫ് പദ്ധതിയിലൂടെ ലോകമെമ്പാടും 422 പദ്ധതികൾ പൂർത്തിയാക്കിയെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. റിയാദ് വിമാനത്താവള വികസനം, അൽ-ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പദ്ധതികളും ചർച്ചയായി. ആഗോള നിക്ഷേപങ്ങൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് 700ലധികം ആഗോള കമ്പനികൾ സൗദിയിൽ പ്രാദേശിക ആസ്ഥാനം സ്ഥാപിച്ചതെന്നും വിലയിരുത്തി. പോർട്ട്‌സ് അതോറിറ്റി, സൗദി സ്പേസ് ഏജൻസി, സൗദി പ്രസ്സ് ഏജൻസി എന്നിവയുടെ അന്തിമ കണക്കുകളും യോഗത്തിൽ അംഗീകരിച്ചു.