'റിയാദ് സീസൺ 2024': 2 കോടിക്കടുത്ത് സന്ദർശകർ, മാർച്ച് വരെ സീസൺ തുടരും
റിയാദ്: സൗദിയിൽ നടക്കുന്ന അഞ്ചാമത് റിയാദ് സീസണിലെത്തിയത് രണ്ട് കോടിക്കടുത്ത് സന്ദർശകർ. ഒക്ടോബർ 12ന് ആരംഭിച്ച സീസൺ ഈ വർഷം മാർച്ച് വരെ തുടരും. വിവിധ രാജ്യങ്ങൾ പങ്കാളിയാകുന്നു റിയാദ് സീസണിൽ സംഗീത പരിപാടികൾ, കലാ പ്രദർശനങ്ങൾ, നാടകങ്ങൾ, തുടങ്ങി നിരവധി വിനോദ പരിപാടികളാണ് നടക്കുന്നത്. 72 ലക്ഷം ചതുരശ്ര മീറ്ററിലാണ് സീസൺ വ്യാപിച്ചിരിക്കുന്നത്.
14 വ്യത്യസ്ത വിനോദ സോണുകൾ, 11 ലോക ചാമ്പ്യൻഷിപ്പ്, 10 ഫെസ്റ്റിവലുകൾ, മറ്റു പ്രദർശനങ്ങൾ എന്നിവയും സീസണിലുണ്ട്. ഭക്ഷണ പ്രേമികൾക്കായി സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനപ്രിയ ഭക്ഷണങ്ങൾ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. റിയാദ് സീസണിന്റെ പ്രവേശന ടിക്കറ്റുകൾ വി ബുക്ക് ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ ആപ്പ് വഴി മാത്രമേ ടിക്കറ്റുകൾ എടുക്കാവൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.