മുഖം മിനുക്കാനൊരുങ്ങി സൗദിയിലെ നാലായിരത്തോളം പള്ളികൾ; 23.71 കോടി റിയാലിന്റെ കരാറുകൾ ഒപ്പുവച്ചു

ജിദ്ദയിൽ മാത്രം 858 പള്ളികകൾ വികസിപ്പിക്കുന്നുണ്ട്

Update: 2025-07-20 17:08 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി അറേബ്യ രാജ്യത്തെ പ്രധാന നഗരങ്ങളിലെ നാലായിരത്തോളം പള്ളികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി വിപുലമായ പദ്ധതിക്ക് തുടക്കമിട്ടു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പള്ളികളുടെ വികസനത്തിനായി 23.71 കോടി റിയാലിന്റെ കരാറുകളിൽ ധാരണയായിട്ടുണ്ട്.

ഇസ്ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. സൗദിയിലെ ഒമ്പത് മേഖലകളിലെ പള്ളികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിദ്ദയിൽ മാത്രം 858 പള്ളികകൾ വികസിപ്പിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടിയിലേറെ റിയാൽ ചിലവഴിക്കും. അസീർ മേഖലയിലെ 300 പള്ളികളും, മദീനയിലെ കിബിലതൈനി മസ്ജിദ് ഉൾപ്പെടെ 284 പള്ളികളും, വടക്കൻ അതിർത്തി പ്രദേശങ്ങളിലെ 345 പള്ളികളും, റിയാദ്, അസീർ, കിഴക്കൻ പ്രവിശ്യ തുടങ്ങി സൗദിയിലെ 3700 പള്ളികളാണ് വികസിപ്പിക്കുന്നത്.

പദ്ധതിയിൽ പള്ളികളുടെ അറ്റകുറ്റപ്പണികൾ, ശുചീകരണം, പുനർനിർമ്മാണം തുടങ്ങിയ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ആരാധനകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും, പള്ളികളുടെ ഭംഗിയും ശുചിത്വവും കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News