ഫുട്ബോളിൽ മാത്രമല്ല, ഒട്ടകയോട്ടത്തിലുമുണ്ട് പിടി; സൗദിയിലെ അൽ ഹബൂബ് കാമൽ റേസിങ് ക്ലബ്ബിന്റെ അംബാസഡറായി പോൾ പോഗ്ബ
ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഒട്ടക റേസിങ് ടീമിലും താരം ചേർന്നിട്ടുണ്ട്
റിയാദ്: സൗദിയിലെ അൽ ഹബൂബ് കാമൽ റേസിങ് ക്ലബ്ബിന്റെ അംബാസഡറായി ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബ. ക്ലബ്ബിന്റെ 20% ഉടമസ്ഥതാവകാശം താരത്തിന് നൽകിയതായി സൗദി വ്യവസായി സഫ്‌വാൻ മുദിർ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഒട്ടക റേസിങ് ടീമിലും താരം ചേർന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും യുവന്റസിന്റെയും താരമായിരുന്ന പോഗ്ബ നിലവിൽ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലാണ് കളിക്കുന്നത്. 2018 ഫിഫ വേൾഡ് കപ്പിലെ മിന്നും പ്രകടനത്തിലൂടെ ഫ്രാൻസിന് കിരീടം നേടിക്കൊടുക്കുന്നതിൽ താരം വലിയ പങ്കുവഹിച്ചിരുന്നു.
ദീർഘകാലം പരിക്കിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെൻ്റുമായുള്ള തർക്കങ്ങളുടെയും ഉത്തേജക മരുന്ന് വിലക്കിൻ്റെയുമെല്ലാം കാരണത്താൽ ഫുട്ബോൾ ലോകത്ത് സജീവമല്ലായിരുന്നു താരം. എന്നാൽ വീണ്ടും കാൽപ്പന്തിൽ സജീവമായി വരുന്നതിനിടയിലാണ് താരം സൗദിയിലെ ഒട്ടകയോട്ടത്തിൻ്റെയും ഭാഗമാവുന്നത്. സൗദി വ്യവസായികളായ സഫ്‌വാൻ മുദിറും ഉമർ അൽ മുഐനയും ചേർന്ന് സ്ഥാപിച്ച ക്ലബ്ബിൽ ഹഖായിഖ് ആൻഡ് ലഖായ വിഭാഗത്തിൽപ്പെട്ട 20-ലധികം ഒട്ടകങ്ങളുണ്ട്. എമിറേറ്റ്‌സിലെ അൽ വത്ബ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ നിരവധി നേട്ടങ്ങളും ഒന്നാംസ്ഥാനങ്ങളും നേടിയ വിശിഷ്ട ഒട്ടകങ്ങളാണ് ക്ലബ്ബിലുള്ളത്.