15 ലക്ഷത്തിലേറെ തീർഥാടകർ മിനായിൽ; ഹജ്ജ് കർമങ്ങൾക്ക് തുടക്കം

അറഫാ സംഗമം നാളെ

Update: 2025-06-04 06:56 GMT

മക്ക: ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനായിൽ സംഗമിക്കുന്നു. ഒന്നേകാൽ ലക്ഷം ഇന്ത്യക്കാരടക്കം 15 ലക്ഷത്തിലേറെ ഹാജിമാർ മിനായിലെത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി രാത്രി മുതൽ ഹാജിമാർ നീങ്ങിത്തുടങ്ങും.

ഇന്നലെ രാത്രി മുതൽ ബസ്സുകളിൽ മക്കയിലെ താമസ സ്ഥലത്തു നിന്ന് ഹാജിമാർ ഒഴുകിത്തുടങ്ങി. പുലർച്ചയോടെ ഭൂരിഭാഗം ഹാജിമാരും മിനായിലെത്തി. ഇന്ന് പകലും രാത്രിയും ഹാജിമാർ മിനായിൽ പ്രാർഥനകളുമായി കഴിഞ്ഞു കൂടും. രാത്രിയിൽ മുഴുവൻ ഹാജിമാരും മിനായിലെത്തും. യൗമുൽ തർവിയ അതായത് ഹജ്ജിന്റെ കടുപ്പമേറിയ കർമങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്.

നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. അതിലേക്കുള്ള മുന്നൊരുക്കമായിരുന്നു മിനായിലെ രാപ്പകൽ സമയം. ഇന്ന് രാത്രി മുതൽ അറഫയിലേക്ക് ഹാജിമാർ നീങ്ങും. നാളെ സൂര്യാസ്തമയം വരെ അവിടെ തങ്ങണം. പിന്നീട് മുസ്ദലിഫയിൽ രാപ്പാർത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കർമം, ഹജ്ജിന്റെ ത്വവാഫ്, ബലി കർമം എന്നിവ പൂർത്തിയാക്കിയാൽ തീർഥാടകന് ഹജ്ജിന് അർധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News