ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ പരാതികൾ വർധിക്കുന്നു; വ്യോമയാന അതോറിറ്റിയുടെ റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ വർഷം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മാത്രം 259 പരാതികളാണ് ലഭിച്ചത്
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ (GACA) പുതിയ അവലോകന റിപ്പോർട്ട്. വിമാനത്താവളത്തിലെ സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ചാണ് ഭൂരിഭാഗം പരാതികളും.
യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി സിവിൽ ഏവിയേഷൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മാത്രം 259 പരാതികളാണ് ലഭിച്ചത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജിദ്ദയിലേത് എന്നതും പരാതികൾ കൂടാൻ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.ലഭിച്ച പരാതികളിൽ ഗതാഗതം, യാത്രാ നടപടികൾ, സുരക്ഷാ പരിശോധനകൾ, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നു.
അതേസമയം, ഏറ്റവും കുറഞ്ഞ പരാതികൾ ലഭിച്ചത് യാംബു വിമാനത്താവളത്തിൽ നിന്നാണ്. ഇവിടെ ലഭിച്ച എല്ലാ പരാതികളും നൂറുശതമാനം പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരാതികളുടെ എണ്ണത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്തുള്ളത്.