റിയാദ് - ദോഹ അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ വരുന്നു; സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണ

6 വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന പദ്ധതിയിലൂടെ ഇരുരാജ്യങ്ങളിലുമായി 30,000 തൊഴിലവസരങ്ങൾ

Update: 2025-12-08 16:33 GMT
Editor : Mufeeda | By : Web Desk

റിയാദ്: റിയാദ്-ദോഹ ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും. റിയാദിൽ നടന്ന സൗദി കിരീടാവകാശി- ഖത്തർ അമീർ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ദമ്മാം, അൽ ഹുഫൂഫ് ഉൾപ്പെടെയുള്ള നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ റെയിൽപാത സൗദി അറേബ്യയുടെ വിഷൻ 2030ഉം ഖത്തറിന്റെ നാഷണൽ വിഷൻ 2030ഉം ലക്ഷ്യമാക്കിയുള്ളതാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിയുടെ സൗദി സന്ദർശനത്തിനൊടുവിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി യാഥാർഥ്യമായാൽ റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാ സമയം വെറും 2 മണിക്കൂർ മാത്രമാകും. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ ആയിരിക്കും. 785 കിലോമീറ്റർ ദൂരത്തിലാണ് പാത ഒരുങ്ങുക.

Advertising
Advertising

റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും നേരിട്ട് ബന്ധിപ്പിക്കുന്നതാവും പദ്ധതി. പ്രതിവർഷം1 കോടിയിലധികം യാത്രക്കാർ ഈ സർവീസ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്കായി 5 സ്റ്റേഷനുകളും സജ്ജമാക്കും. 6 വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന പദ്ധതിയിലൂടെ ഇരുരാജ്യങ്ങളിലുമായി ഏകദേശം 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇത് സൗദി അറേബ്യയുടെയും ഖത്തറിന്റെയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (GDP) 115 ബില്യൺ റിയാൽ വർധനവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്.

സഞ്ചാരികളുടെ യാത്ര എളുപ്പമാക്കുകയും വ്യാപാര-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതിയെന്നും ഇതിലൂടെ ഇരുരാജ്യങ്ങളുടെും സാംസ്കാരിക-സാമ്പത്തിക സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കാനാവുമെന്നും അധികൃതർ അറിയിച്ചു. ഈ മേഖലയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നായി മാറുന്ന ഈ പദ്ധതി ഗൾഫ് മേഖലയുടെ ഗതാഗത ചിത്രത്തെ പൂർണമായി മാറ്റിമറിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News