റിയാദ് കെ.എം.സി.സി സുരക്ഷാ പദ്ധതി: മൂന്ന് കുടുംബങ്ങൾക്ക് മുപ്പത് ലക്ഷം രൂപ കൈമാറി
കെ.എം.സി.സി ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങൾ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ, മരണപ്പെട്ട മൂന്ന് കുടുംബങ്ങൾക്കുള്ള മുപ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി മാനവികതയെ ചേർത്ത് നിർത്തുവാൻ കെ.എം.സി.സി കാണിക്കുന്ന താല്പര്യം പ്രതീക്ഷ നൽകുന്നതാണ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിൽ കെ.എം.സി.സി നൽകുന്ന പിന്തുണ വലിയ കരുത്താണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന പദ്ധതിയിൽ അംഗങ്ങളായിരിക്കുന്ന സമയത്ത് മരണപ്പെട്ട 31 പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. 63 പേർക്ക് ചികിത്സ സഹായവും കൈമാറിയിട്ടുണ്ട്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ ആയിരക്കണക്കിന് ആളുകളാണ് ചേർന്നിട്ടുള്ളത്. ആറാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതിയുടെ ക്യാമ്പയിൻ കഴിഞ്ഞ ആഗസ്ത് ഒന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 വരെയാണ് പദ്ധതിയിൽ അംഗങ്ങളാവാനുള്ള സമയ പരിധി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ MLA, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശേരി, കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, മൊയ്തീൻ കോയ കല്ലമ്പാറ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, മുനീർ മക്കാനി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.