റിയാദ് മെട്രോ: പുതിയ ലൈനിന്റെ നിർമാണം അടുത്ത വർഷം ആരംഭിക്കും
നിലവിൽ ആറ് ലൈനുകളിലാണ് മെട്രോ സേവനം നൽകുന്നത്
റിയാദ്: റിയാദ് മെട്രോയുടെ ഏഴാം ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത വർഷം തുടക്കമാകും. കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലുകൾ, ഖിദ്ദിയ്യ എന്റർടൈൻമെന്റ് സിറ്റി, കിങ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻ, മിസ്‌ക് സിറ്റി, ദിരിയ്യ ഗേറ്റ്, കിങ് സൽമാൻ പാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ പാത നിർമിക്കുക. ഏകദേശം 65 കിലോമീറ്റർ ദൂരവും 19 സ്റ്റേഷനുകളും ഉൾപ്പെടുന്നതാണ് പുതിയ ലൈൻ. ബ്ലൂ, റെഡ്, ഗ്രീൻ, ഓറഞ്ച്, യെല്ലോ, പർപ്പിൾ എന്നിങ്ങനെ നിലവിൽ ആറ് ലൈനുകളിലാണ് റിയാദ് മെട്രോ സേവനം നൽകുന്നത്. പുതിയ ലൈൻ വരുന്നതോടെ നഗരത്തിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.
ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ മെട്രോ നെറ്റ്വർക്ക് എന്ന നേട്ടത്തിന് റിയാദ് മെട്രോ കഴിഞ്ഞ ദിവസം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. കുറഞ്ഞ ചെലവിലും എളുപ്പത്തിലും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന റിയാദ് മെട്രോ സേവനം നിലവിൽ ഏറെ ജനകീയമായി മാറിക്കഴിഞ്ഞു.