Writer - razinabdulazeez
razinab@321
ദമ്മാം: സൗദിയില്‍ തൊഴില്‍ വര്‍ക്ക് പെര്‍മിറ്റുകളെ തരം തിരിക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ തിരിക്കുക. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റേതാണ് നടപടി. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും, തൊഴില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
സൗദിയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റുകളിലാണ് മാറ്റം വരുന്നത്. തൊഴിലാളികളെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് തട്ടുകളാക്കി തിരിക്കുക. ഘട്ടം ഘട്ടമായാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദേശികളുടെ വർക്ക് പെർമിറ്റുകൾ തരംതിരിക്കുന്നതിനുള്ള സാങ്കേതിക വികസനം കഴിഞ്ഞ മാസത്തോടെ പൂര്‍ത്തിയായി. ജൂലൈ 1 മുതൽ രാജ്യത്തേക്ക് പുതുതായി എത്തുന്ന വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളിലും നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യവും അനുഭവപരിചയവും തൊഴിൽ വിപണിയിലേക്ക് കൈമാറ്റം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. നൂതനവും മികച്ചതുമായ രീതിയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും, ഒപ്പം ജോലിക്ക് ആവശ്യമായ കഴിവുകളും യോഗ്യതകളും ഉണ്ടെന്ന് ഉറപ്പു വരുത്താനും പദ്ധതി സഹായിക്കും.