റെയിൽവേ, വ്യോമയാന രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി

ഇരട്ടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളങ്ങൾ, റെയിൽവേ ലൈൻ ദൈർഘ്യം 50 ശതമാനം വർധിപ്പിക്കും

Update: 2025-07-15 18:08 GMT

ദമ്മാം: റെയിൽവേ, വ്യോമയാന രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി അറേബ്യ. യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളെ സജ്ജമാക്കും. നിലവിലെ റെയിൽവേ ശൃംഖലയുടെ ദൈർഘ്യം 50 ശതമാനം ഉയർത്തുമെന്നും സൗദി ഗതാഗത മന്ത്രി വെളിപ്പെടുത്തി. രാജ്യത്തെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതികൾ.

ആഭ്യന്തര ഉൽപ്പാദനത്തിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയുടെ സംഭാവന ഇരട്ടിയാക്കുക, റെയിൽവേ ശൃംഖലയുടെ ദൈർഘ്യം 50% ൽ കൂടുതൽ വർധിപ്പിക്കുക, നിലവിലുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം കൈകാര്യം ചെയ്യാൻ വിമാനത്താവളങ്ങളെ പ്രാപ്തമാക്കുക എന്നിവ രാജ്യം ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയർ സാലിഹ് അൽ-ജാസറാണ് വെളിപ്പെടുത്തിയത്. ഗ്ലോബൽ ഏവിയേഷൻ ആൻഡ് മാരിടൈം ട്രാൻസ്‌പോർട്ട് സിമ്പോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തൽ: ആളുകൾ, സാങ്കേതികവിദ്യ, നയം' എന്ന മന്ത്രിതല സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോജിസ്റ്റിക് സോണുകൾ വികസിപ്പിക്കുന്നതിനും വിവിധ ഗതാഗത മാർഗ്ഗങ്ങളെ ഡിജിറ്റൽ, കസ്റ്റംസ് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിച്ചുകൊണ്ട് അവയുടെ സംയോജനം വർധിപ്പിക്കുന്നതിനും മന്ത്രാലയം ശ്രമിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ജിദ്ദ തുറമുഖത്തെ ലാൻഡ് ബ്രിഡ്ജ് പ്രോജക്റ്റ് വഴി ഉടൻ തന്നെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി റെയിൽ വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News