പ്രവാചകൻ്റെ പള്ളിയിൽ തിരക്കേറുന്നു; കഴിഞ്ഞ ആഴ്ച 60 ലക്ഷത്തിലധികം വിശ്വാസികളെത്തി

റമദാനിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

Update: 2024-02-26 18:28 GMT
Editor : Anas Aseen | By : Web Desk
Advertising

മദീന: മദീനയിലെ മസ്ജിദു നബവിയിൽ കൂടുതൽ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് സൗകര്യം ഒരുക്കിയതായി ഇരുഹറം അതോറിറ്റി. കഴിഞ്ഞ ആഴ്ച മാത്രം 60 ലക്ഷത്തിലധികം വിശ്വാസികൾ പ്രവാചകൻ്റെ പള്ളിയിൽ പ്രാർത്ഥനക്കെത്തി.റമദാനിൽ കൂടുതൽ വിശ്വാസികളെത്തുന്നമെന്നതിനാൽ വൻ ഒരുക്കങ്ങളാണ് ഇരുഹറമുകളിലും നടന്ന് വരുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉംറ തീർഥാടകരുടെ എണ്ണത്തിലും സന്ദർശന, ടൂറിസ്റ്റ് വിസയിലെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനനുസരിച്ച് മക്കയിലും മദീനയിലും കുടുതൽ വിശ്വാസികളെ ഉൾകൊള്ളാനാകുംവിധമുള്ള ക്രമീകരണങ്ങളാണ ഇരുഹറം കാര്യായലം നടത്തി കൊണ്ടിരിക്കുന്നത്. മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ കഴിഞ്ഞ ആഴ്ച മാത്രം 60 ലക്ഷത്തിലധികം വിശ്വാസികളെത്തി.

ഇപ്പോൾ മുമ്പത്തെക്കാൾ കൂടുതൽ വിശ്വാസികൾക്ക് ഒരേ സമയം നമസ്കാരം നിർവഹിക്കാൻ സാധിക്കുംവിധം ഉയർന്ന നിലവാരത്തിലുള്ള സൌകര്യങ്ങൾ മസ്ജിദു നബവിയിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചച ആറര ലക്ഷത്തോളം വിശ്വാസികൾ പ്രാവചകൻ്റെ ഖബറിടം സന്ദർശിച്ചു. കൂടാതെ മൂന്നര ലക്ഷത്തോളം പേർ റൌദാ ശരീഫിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. റൌദാ ശരീഫിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സമയം ക്രമീകരിക്കുകയും പ്രവേശനം വർഷത്തിൽ ഒരു തവണമാത്രമാക്കി നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് കൂടുതൽ വിശ്വാസികൾക്ക് റൌദാ ശരീഫിൽ നമസ്കാരം നിർവഹിക്കാൻ അവസരമൊരുക്കും. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി ഇലക്ട്രിക് വാഹനങ്ങളും സജ്ജമാണ്. നോമ്പ് അനുഷ്ഠിക്കുന്നവർക്കായി കഴിഞ്ഞ ആഴ്ചയിൽ 142,007 ഇഫ്താർ ഭക്ഷണങ്ങളും വിതരണം ചെയ്തതായി അതോറിറ്റി അറിയിച്ചു. റമദാനിൽ മസ്ജിദുൽ ഹറമിലും പ്രവാചകൻ്റെ പള്ളിയിലും കൂടുതൽ വിശ്വാസികളെത്തുമെന്നതിനാൽ വൻ ഒരുക്കങ്ങളാണ് ഇരു ഹറമുകളിലും നടന്ന് വരുന്നത്. .

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News