മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ഒട്ടകത്തിലിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി റിഷാദ് അലിയാണ് മരിച്ചത്.

Update: 2021-11-08 15:59 GMT

മദീനയിൽ നിന്നും ജിദ്ദയിലേക്ക് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ഒട്ടകത്തിലിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി റിഷാദ് അലിയാണ് മരിച്ചത്. മൂന്നരവയസ്സായ കുട്ടിയുൾപ്പെടെ ആറു പേർ ചികിത്സയിലാണ്.ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ജിദ്ദ മദീന റൂട്ടിലെ റാബഗിൽ വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് അപകടം. മദീന സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ബദർ വഴി ജിദ്ദയിലേക്ക് തിരിച്ച കുടുംബങ്ങളുടെ ഇന്നോവ കാർ ഒട്ടകത്തിലിടിക്കുകയായിരുന്നു. ജിസാനിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി റിഷാദ് അലിയും കുടുംബവും, നാട്ടുകാരനായ നൗഫലിന്‍റെ കുടുംബവും സഞ്ചരിച്ച വാഹനമാണ് ഒട്ടകത്തിലിടിച്ചത്.

Advertising
Advertising

നൗഫൽ യാത്രയിലുണ്ടായിരുന്നില്ല. അപകടത്തിൽ ഇന്നോവ കാർ പാടെ തകർന്നു. 28കാരനായ റിഷാദ് അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിഷാദിന്‍റെ ഭാര്യ ഫർസീന, നൗഫലിന്‍റെ ഭാര്യാമാതാവ് റംല, എന്നിവരുടെ നില ഗുരുതരമാണ്. കാർ ഓടിച്ചിരുന്ന മലപ്പുറം എ.ആർ നഗർ പുകയൂർ സ്വദേശി കൊളക്കാൻ അബ്ദുൽ റഊഫിന്‍റെ പരിക്കും സാരമുള്ളതാണ്.  ഇവരെ ജിദ്ദ ഒബ്ഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിലേക്ക് മാറ്റി.

മരണപ്പെട്ട റിഷാദിന്‍റെ മൂന്നര വയസ്സുള്ള മകൾ അയ്മിൻ റോഹ, നൗഫലിന്‍റെ ഭാര്യ റിൻസില, റിൻസിലയുടെ സഹോദരൻ മുഹമ്മദ് ബിൻസ് എന്നിവർക്ക് നിസ്സാര പരിക്കേയുള്ളൂ. ഇവർ റാബക് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച റിഷാദ് അലി ജിസാനിൽ ബഖാല ജീവനക്കരനായിരുന്നു. സന്ദർശനവിസയിലായിരുന്നു കുടുംബം. മക്ക മദീന സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിനകം കുടുംബം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി ജിദ്ദയിലെത്തിയാണ് ഇവർ മദീനയിലേക്ക് യാത്ര തിരിച്ചത്. അപകടവാർത്തയറിഞ്ഞ് റിഷാദ് അലിയുടെ സഹോദരൻ റിയാസ് ജിസാനിൽ നിന്നും ജിദ്ദയിലെത്തയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി റിഷാദ് അലിയുടെ മൃതദേഹം സൗദിയിൽ ഖബറക്കും. കെ.എം.സി.സി പ്രവർത്തകരാണ് സന്നദ്ധ സേവനത്തിന് രംഗത്തുള്ളത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News