ഹൂതികൾക്കെതിരെ കരയാക്രമണത്തിന് യുഎസുമായി ചർച്ച; റിപ്പോർട്ട് തള്ളി സൗദി

ഹൂതികളുമായി സമാധാന പാതയിലെന്ന് സൗദി

Update: 2025-04-17 15:40 GMT

റിയാദ്: ഹൂതികൾക്കെതിരെ കരയാക്രമണത്തിന് യുഎസുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ സൗദി അറേബ്യ തള്ളി. 2022 മുതൽ ഹൂതികളുമായി വെടിനിർത്തൽ കരാറിലാണ് സൗദിയെന്നും ചർച്ചകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. കപ്പലാക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ സഹായിക്കുമെന്നായിരുന്നു ചില മാധ്യമങ്ങളുടെ റിപ്പോർട്ട്.

അതിർത്തി സുരക്ഷയും വിവിധ വിഷയങ്ങളും ചൂണ്ടിക്കാട്ടി യമനിൽ യുഎസ് പിന്തുണയോടെ സൗദി ആക്രമണം നടത്തിയിരുന്നു. എന്നാൽ യുഎൻ പിന്തുണയോടെ നിലവിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. എന്നാൽ ഗസ്സക്ക് പിന്തുണ പ്രഖ്യാപിച്ച് കപ്പലാക്രമണം നടത്തുന്ന ഹൂതികൾക്കെതിരെ യുഎസ്-യുകെ ആക്രമണം തുടരുന്നുണ്ട്. ഇതിൽ സൗദിയുൾപ്പെടെ സഹായിച്ചേക്കുമെന്ന റിപ്പോർട്ടാണ് രാജ്യം തള്ളിയത്.

Advertising
Advertising

മേഖലയിൽ ഏതെങ്കിലും രാജ്യങ്ങളുമായി സംഘർത്തിലേക്ക് പോകില്ലെന്ന് സൗദി വ്യക്തമാക്കുന്നു. വിഷൻ 2030-ന്റെ ഭാഗമായി, സൗദി സമ്പദ്വ്യവസ്ഥയെ എണ്ണയിൽ നിന്ന് വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതിനാൽ, യുദ്ധം അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ മുൻഗണനയാണ്. 2022 ഏപ്രിൽ രണ്ടിന് യുഎൻ മധ്യസ്ഥതയിൽ ആദ്യ വെടിനിർത്തൽ കരാർ സൗദിയും-ഹൂതികളും തമ്മിൽ ആരംഭിച്ചിരുന്നു. ഈ കരാർ രണ്ട് മാസത്തേക്കാണ്. പിന്നീട് 2022 ഒക്ടോബർ രണ്ട് വരെ നീട്ടി. ഇതിന്റെ ഭാഗമായി സൗദി യമനിലെ സൈനിക നടപടി നിർത്തി. മാനുഷിക സഹായം വർധിപ്പിച്ചു. സൻആ വിമാനത്താവളം തുറന്നു. വിവിധ റൂട്ടുകളിൽ വിമാന സർവീസിനും അനുമതി നൽകി. 2022 ഒക്ടോബറിന് ശേഷം വെടിനിർത്തൽ കരാർ ഔപചാരികമായി പുതുക്കിയില്ല. എന്നാൽ, 2023-ലും 2024-ലും സൗദിയും ഹൂതികളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നു. ഇരു കൂട്ടരും നിലവിൽ സമാധാന പാതയിലാണ്. യുദ്ധമവസാനിപ്പിക്കാനുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News