കനേഡിയൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യമന്ത്രി
ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികളെ ഇരുനേതാക്കളും അപലപിച്ചു
റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, റിയാദിലെത്തിയ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി കൂടിക്കാഴ്ച നടത്തി. 50 വർഷത്തിലേറെയായി നിലനിൽക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയും വളർച്ചയും മന്ത്രിമാർ വിലയിരുത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികളെ ഇരു മന്ത്രിമാരും അപലപിച്ചു. സൗദി അറേബ്യക്കും ജിസിസി രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2024-ൽ 1,200 കോടി സൗദി റിയാൽ കവിഞ്ഞതായി മന്ത്രിമാർ ചൂണ്ടിക്കാട്ടി. 'സൗദി-കനേഡിയൻ ബിസിനസ് കൗൺസിൽ' രൂപീകരിച്ചതിനെ അവർ സ്വാഗതം ചെയ്യുകയും വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാറുകളിലെ പുരോഗതി ചർച്ച ചെയ്യുകയും ചെയ്തു. കൂടാതെ മാർച്ച് 30-ന് നടന്ന സൗദി-കനേഡിയൻ എജുക്കേഷണൽ പാർട്ണർഷിപ്പ് ഫോറത്തെയും അവർ പ്രശംസിച്ചു.