സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ -2 വെള്ളിയാഴ്ച
വൈകിട്ട് ആറു മണി മുതൽ 11 മണി വരെ ജിദ്ദ അൽരിഹാബിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ
ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ- 2 വൻവിജയമാക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ജിജിഐ ഭാരവാഹികൾ അറിയിച്ചു. സാംസ്‌കാരികോത്സവം ജനുവരി 16ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതൽ 11 മണി വരെ ജിദ്ദ അൽരിഹാബിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യമാണ്.
ഗൾഫിലേക്കുള്ള അര നൂറ്റാണ്ടുകാലത്തെ ഇന്ത്യൻ കുടിയേറ്റം അടയാളപ്പെടുത്തുന്ന .5 CM Corridor (അര നൂറ്റാണ്ടുകാലത്തെ കുടിയേറ്റ ഇടനാഴി) എന്ന ശീർഷകത്തിലാണ് സീസൺ 2 ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഇന്ത്യാ -അറബ് സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഇരുരാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക വിനിമയത്തിന് കരുത്തുപകരുന്നതായിരിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു.
ഇന്ത്യൻ കോൺസൽ ജനറൽ മുഖ്യാതിഥിയാവുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽമാരും സൗദി-ഇന്ത്യൻ പ്രമുഖരും സംബന്ധിക്കും. പ്രശസ്ത സൗദി കലാകാരന്മാരോടൊപ്പം നൂറിലേറെ ഇന്ത്യൻ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തിൽ, അറബ്, ഇന്ത്യൻ പരമ്പരാഗത -നാടോടി കലാപരിപാടികൾ അരങ്ങേറും.
വിഖ്യാത സൗദി ഫോക് അക്കാദമിയിലെ കലാകാരന്മാർ അൽഖുത്‌വ, അൽഖുബൈതി, അൽമിസ്മാർ, അൽജിസാനി, അൽബഹ്‌രി തുടങ്ങിയ സൗദി നാടോടി നൃത്തപരിപാടികളുമായി സദസ്സിനെ വിസ്മയം കൊള്ളിക്കും. സൗദി ഇന്ത്യൻ സംഗീത-നൃത്തശിൽപം, പഞ്ചാബി-ഗുജറാത്തി-കഥക്-ഒഡിസ നൃത്തങ്ങൾ, ഭരതനാട്യം, ഒപ്പന, ഫ്യൂഷൻ ഒപ്പന, സൂഫി ഡാൻസ് തുടങ്ങിയ ഡസനോളം ഇന്ത്യൻ കലാപ്രകടനങ്ങൾ സാംസ്‌കാരികോത്സവത്തിൽ അരങ്ങേറു മെന്ന് ലേഡീസ് വിംഗ് കൺവീനറും കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങൽ അറിയിച്ചു. പ്രമുഖ ഇന്ത്യൻ ഗായകരുടെ സംഗീതപരിപാടിയുമുണ്ടാവും.
തയാറെടുപ്പ് അവലോകനയോഗത്തിൽ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ചീഫ് കോഓർഡിനേറ്റർമാരായ കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, മാധ്യമ പ്രതിനിധി ഇബ്രാഹിം ശംനാട്, സാങ്കേതികവിഭാഗം പ്രതിനിധി ഫൈറൂസ് കൊണ്ടോട്ടി എന്നിവർ സംബന്ധിച്ചു.