സൗദി കെഎംസിസി സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ

നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നു നേതാക്കൾ

Update: 2024-10-17 17:16 GMT

റിയാദ്: സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ. 2025 ലേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

Advertising
Advertising

കഴിഞ്ഞ ദിവസം കാസർകോട് നടന്ന സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ ചടങ്ങിൽ വെച്ച് അടുത്ത വർഷത്തേക്കുള്ള കാമ്പയിൻ ഉദ്ഘാടനം നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടിക്ക് അംഗത്വം പുതുക്കി നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. കെഎംസിസിയുടെ നാൽപതോളം സെൻട്രൽ കമ്മിറ്റികൾ വഴിയാണ് കാമ്പയിൻ നടക്കുക. എല്ലാ ഭാഗങ്ങളിലും സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പദ്ധതിയുടെ കോ ഓർഡിനേറ്റർമാരെ നിശ്ചയിച്ചിട്ടുണ്ട്. ലളിതമായ നടപടികളിലൂടെ അംഗത്വമെടുക്കാനും പുതുക്കാനും ഓൺലൈൻ വഴി കൂടുതൽ സൗകര്യങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയത്.

പ്രവാസി കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വേർപാടിൽ അനാഥരായി പോയ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുകയായിരുന്നു കെഎംസിസി സുരക്ഷാ പദ്ധതി. നിറഞ്ഞ കണ്ണുകളുമായി കെഎംസിസിയുടെ പക്കൽ നിന്ന് ആനുകൂല്യങ്ങൾ ഏറ്റുവാങ്ങിയ കുടുംബങ്ങൾ ഈ പദ്ധതിയില്ലായിരുന്നുവെങ്കിൽ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളെ കുറിച്ച് കണ്ണീരോടെയാണ് വിവരിച്ചത്. ഈ പദ്ധതിയെ മുഴുവൻ പ്രവാസികൾക്കും തുണയാകുന്നു വിധം കൂടുതൽ ജനകീയമാക്കണമെന്ന് കൂടി അവർ ആവശ്യപെടുന്നു.

ഒരു വ്യാഴവട്ട കാലത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായ അറുനൂറോളം പേരാണ് മരണപ്പെട്ടത്. ആലംബഹീനരായ ഇവരുടെ കുടുംബങ്ങൾക്ക് താങ്ങായി മാറിയ കെഎംസിസിയുടെ സുരക്ഷ പദ്ധതി നാൽപത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. രണ്ടായിരത്തിൽപരം പേർക്ക് ചികിത്സാ സഹായവും നൽകി. രജിസ്ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂർണമായും നിയമവിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. 12 വർഷത്തിനകം ഇതുവരെയായി നാൽപത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. രണ്ടായിരത്തിൽ പരം പേർക്ക് ചികിത്സാ സഹായവും നൽകി. കോവിഡ് കാലത്ത് സൗദിയിൽ മരിച്ച അമ്പതോളം പേർക്ക് കെഎംസിസിയുടെ ഈ പദ്ധതി ആശ്വാസം പകർന്നിരുന്നു. www.mykmcc.org എന്ന വെബ്സൈറ്റിലൂടെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വം എടുക്കാനും അവസരമുണ്ട്. ഓൺലൈൻ വഴി ചേരാൻ പ്രയാസമുള്ള പ്രവാസികൾ അവരവരുടെ ഭാഗങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ടാൽ അംഗത്വമെടുക്കാൻ സാധിക്കും.

അനാഥരാകുന്ന കുടുംബങ്ങൾക്ക് സർക്കാറുകളിൽ നിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ ഈ കർമ്മ പദ്ധതി നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി, ചെയർമാൻ ഖാദർ ചെങ്കള, ട്രഷറർ അഹമ്മദ് പാളയാട്ട് , സുരക്ഷാപദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവരും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News