മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; ഉപഭോക്താക്കൾക്ക് 200 റിയാൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സൗദി വൈദ്യുതി മന്ത്രാലയം
ജനങ്ങൾക്കുണ്ടായ പ്രയാസത്തിന് മന്ത്രാലയം നേരത്തെ ക്ഷമാപണം നടത്തിയിരുന്നു
റിയാദ്: സൗദിയിലെ അസീറിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വൈദ്യുതി വകുപ്പ്. 200 റിയാൽ വീതമായിരിക്കും നഷ്ടപരിഹാര തുക. ഇതുമായി ബന്ധപ്പെട്ട് സൗദി വൈദ്യുതി വകുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
പത്തു ദിവസങ്ങൾക്ക് മുൻപാണ് ദക്ഷിണ സൗദിയിലെ ജിസാൻ,അസീർ, നജ്റാൻ തുടങ്ങിയ പ്രവിശ്യകളിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ പ്രയാസത്തിന് നേരത്തെ തന്നെ മന്ത്രാലയം ക്ഷമ ചോദിച്ചിരുന്നു. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട എസ്എംഎസുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. വരാനിരിക്കുന്ന വൈദ്യുതി ബില്ലിൽ ഈ തുക കുറച്ചു നൽകിയാൽ മതിയാകും. വൈദ്യുതി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക ഉയർത്തും. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് നടപടി.