സൗദി ദേശീയ പതാക നിയമം പരിഷ്‌കരിക്കുന്നു; ഭേദഗതിക്ക് ഭൂരിപക്ഷ വോട്ടോടെ അംഗീകാരം

വിഷന്‍ 2030 ലൂടെയും മറ്റു പദ്ധതികളിലൂടെയും സൗദി കൈവരിച്ച നേട്ടങ്ങളുടേയു പരിഷ്‌കാരങ്ങളുടേയു വികസനമാറ്റങ്ങളുടേയും പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട നിയമങ്ങളും വികസിപ്പിക്കുന്നത്

Update: 2022-02-02 15:30 GMT
Advertising

റിയാദ്: സൗദി ദേശീയ പതാക, ചിഹ്നം, ദേശീയ ഗാനം എന്നിവയുടെ നിയമത്തിലെ കരട് ഭേദഗതിക്ക് ഭൂരിപക്ഷ വോട്ടോടെ ഷൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളും വാളും ആലേഖനം ചെയ്ത പച്ച പതാകയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍, ദേശീയ ചിഹ്നത്തിന്റെ ശരിയായ ഉപയോഗങ്ങള്‍ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കുന്നതാണ്. കൂടാതെ പതാകയുടെയും ദേശീയഗാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും നിയമ ലംഘനങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നും പതാകയെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്.

മുന്‍ സെഷനുകളില്‍ ഷൂറയുടെ സുരക്ഷാ-സൈനിക കാര്യ സമിതി പുതിയ ഭേദഗതി ചര്‍ച്ച ചെയ്തതിന് ശേഷം ശൂറാ കൗണ്‍സില്‍ അംഗം സഅദ് സാലിബ് അല്‍ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട് കരട് പദ്ധതി കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചത്.

ഏകദേശം 50 വര്‍ഷം മുന്‍പ് രൂപകല്‍പന ചെയ്ത പതാകയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. സമീപ വര്‍ഷങ്ങളില്‍ വിഷന്‍ 2030 ലൂടെയും മറ്റു പദ്ധതികളിലൂടെയും സൗദി കൈവരിച്ച നേട്ടങ്ങളുടേയു പരിഷ്‌കാരങ്ങളുടേയു വികസനമാറ്റങ്ങളുടേയും പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട നിയമങ്ങളും വികസിപ്പിക്കുന്നത്.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമ വ്യവസ്ഥകള്‍ നിലവില്ലാത്തതിനാല്‍ ദേശീയ ഗാനത്തെ നിര്‍വചിക്കുന്നതും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമടങ്ങിയ ഒരു സംവിധാനത്തിന്റെ ആവശ്യകത ഇത് ഊന്നിപ്പറയുന്നു.

പതാകയിലും ചിഹ്നത്തിലും പരിഷ്‌ക്കാരങ്ങള്‍ വരുത്തുകയും അവയുമായി ബന്ധപ്പെട്ട വ്യക്തമായ നിയമനിര്‍മാണവുമാണ് പുതിയ ഭേദഗതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇവയുടെ ഉള്ളടക്കം, സ്വഭാവം, ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, ദുരുപയോഗം, നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

എന്നാല്‍, വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പവ്യക്തമാക്കിയിട്ടില്ല. ഇതിനു മുമ്പും ദേശീയ പതാക പരിഷ്‌ക്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു.

ദേശീയ ചിഹ്നം വ്യാപാരമുദ്രയായോ വാണിജ്യപരമായ ആവശ്യങ്ങള്‍ക്കോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതുമെല്ലാം ഭേദഗതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത്, സൗദി പതാക നിയമം പുറപ്പെടുവിച്ച 1973 മാര്‍ച്ച് 15 മുതലാണ് ഈ പതാക ഉപയോഗിച്ചു തുടങ്ങിയത്. 1950ലാണ് ദേശീയ ചിഹ്നം അംഗീകരിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News