സൗദി സൂപ്പർ കപ്പ്: അൽ നസ്റിനെ തകർത്ത് അൽ അഹ്ലിക്ക് കിരീടം
പരാജയപ്പെട്ടെങ്കിലും അൽ നസ്‌റിനായി നൂറു ഗോളുകളെന്ന നേട്ടത്തോടെയാണ് ക്രിസ്റ്റ്യാനോയുടെ മടക്കം
സൗദി സൂപ്പർ കപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് അൽ അഹ്ലി കിരീടം ചൂടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പരാജയപ്പെട്ടെങ്കിലും അൽ നസ്‌റിനായി നൂറു ഗോളുകളെന്ന നേട്ടത്തോടെയാണ് ക്രിസ്റ്റ്യാനോയുടെ മടക്കം.
ഹോങ്കോങ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു സൗദി സൂപ്പർ കപ്പ് ഫൈനൽ. മത്സരത്തിന്റെ 41-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോൾ. ദേശീയ ടീമിനും നാല് വ്യത്യസ്ത ക്ലബുകൾക്കുമായി 100 വീതം ഗോൾ എന്ന നേട്ടവും ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഫൈനലിന്റെ ആദ്യ പാതി അവസാനിക്കും മുന്നേ ഫ്രാങ്ക് കെസ്സിയുടെ ഗോളോടെ അൽ അഹ്ലി സമനില പിടിച്ചു.
രണ്ടാം പകുതിയിലും പോരാട്ടം മുറുകിയപ്പോൾ, 82-ാം മിനിറ്റിൽ മാഴ്സെലോ ബ്രോസോവിച്ചിലൂടെ അൽ നസ്ർ വീണ്ടും ലീഡ് നേടി. വിജയമുറപ്പിച്ച അൽ നസ്റിനെ ഞെട്ടിച്ചുകൊണ്ട് കളിയുടെ അവസാന നിമിഷം റോഡ്രിഗോ ഇബാനെസ് അൽ അഹ്ലിക്കായി സമനില ഗോൾ നേടി.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ അഹ്ലി സമ്പൂർണ്ണ ആധിപത്യം പുലർത്തി. അവർ തൊടുത്ത അഞ്ച് കിക്കുകളും വലയിലെത്തിയപ്പോൾ, അൽ-നസ്റിന് മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. മുൻ ചെൽസി താരമായ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയുടെ തകർപ്പൻ പ്രകടനമാണ് അൽ അഹ്ലിയുടെ വിജയത്തിൽ നിർണായകമായത്.