എക്സ്പോ 2030 ആതിഥേയത്വം: അപേക്ഷ നൽകി സൗദി അറേബ്യ

Update: 2021-10-30 14:15 GMT

എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അപേക്ഷ സമർപ്പിച്ചു. അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അറേബ്യ അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ മുതൽ ആറു മാസം നീളുന്ന എക്സ്പോക്കാണ് അപേക്ഷ.

അന്താരാഷ്ട്ര എക്‌സ്‌പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്കാണ് സൗദി കഴിഞ്ഞ ദിവസം അപേക്ഷ നൽകിയത്. 2030 ഒക്ടോബർ 1 മുതൽ 2031 ഏപ്രിൽ ഒന്ന് വരെയാണ് എക്സ്പോ സംഘടിപ്പിക്കുക. ജിസിസിയിലെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക മത്സരത്തിനു കൂടി കാരണമാകും എക്സ്പോ. മാറ്റത്തിന്റെ യുഗം എന്ന തലക്കെട്ടിലാണിത് നടക്കുക. അംഗീകാരം ലഭിച്ചാൽ സൗദിയുടെ ചിത്രം ആഗോള തലത്തിൽ തന്നെ മാറും.

Advertising
Advertising

വിഷൻ 2030 എന്ന പേരിൽ സൗദിയിലുടനീളം കിരീടാവകാശിയുടെ സാമൂഹിക പരിവർത്തന പദ്ധതി സുപ്രധാന ഘട്ടത്തിലാണ്. നഗരത്തിന്റെ ഭാവം മാറ്റൽ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ജീവിത നിലവാരം ഉയർത്തൽ എന്നീ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങളും ഇടങ്ങളും പുതുക്കി പണിയുന്നുമുണ്ട്. 2030നകം സ്വദേശികളിലെ തൊഴിലില്ലായ്മയും കുറക്കും.

ആഗോള തലത്തിൽ വിദേശികളുടെ പ്രധാന നിക്ഷേപ കേന്ദ്രമായും ടൂറിസം കേന്ദ്രമായും സൗദിയെ മാറ്റും. ഇത് പൂർത്തിയാകുന്നതിനിടെ വിദേശികൾക്കും തൊഴിലവസരങ്ങളേറും. ഇതെല്ലാം മുന്നിൽ കണ്ടാണ് എക്സ്പോക്ക് വേദിയാകാൻ റിയാദിനെ ഒരുക്കുന്നത്.കിരീടാവകാശിയാണ് ഇതിന് അപേക്ഷ നൽകിയത്.

എക്സ്പോ 2030ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിനു റിയാദ് റോയൽ കമ്മീഷനായിരിക്കും മേൽനോട്ടം വഹിക്കുക. ഇതിന്റെ മേധാവി സൗദി കിരീടാവകാശിയാണ്. ഡിസംബറിൽ അപേക്ഷ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാരീസിലെ എക്സ്പോ അതോറിറ്റിക്ക് സമർപ്പിക്കും.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News