'യാത്രക്ക് മുമ്പ് എയർലൈനുകളുമായി ബന്ധപ്പെടണം'; സൗദിയിലെ വിമാന യാത്രക്കാരോട് അധികൃതർ

സർവീസ് മാറ്റം മുൻകൂട്ടി അറിയുന്നതിന് നിർദേശം

Update: 2025-06-13 17:00 GMT

ദമ്മാം: സൗദിയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് നിർദേശവുമായി രാജ്യത്തെ വിമാനത്താവളങ്ങൾ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്ന് അധികൃതർ നിർദേശിച്ചു. മേഖലയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് നിർദേശം. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ മാനേജ്‌മെന്റുകൾ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അവരുടെ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസും അടിയന്തര മാറ്റങ്ങളും പരിശോധിക്കണം. ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തി വെച്ചിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് നടപടിയെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News