നിയോം തുറമുഖത്ത് അത്യാധുനിക ക്രെയിൻ ഓപ്പറേറ്റർമാരായി സൗദി വനിതകൾ
ബൂക്കിൽ നിന്നുള്ള വനിതകൾക്ക് പ്രത്യേക പരിശീലനം
സൗദിയുടെ നിയോം തുറമുഖത്ത് ഇറക്കുമതി ചെയ്ത അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകൾ നിയന്ത്രിക്കുന്നത് പത്ത് സൗദി വനിതകൾ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്. ഇതിനായുള്ള സമഗ്രമായ പരിശീലന പരിപാടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ ഗൈഡൻസ് എന്നിവ ഉൾപ്പെടും. തബൂക്ക് മേഖലയിൽ നിന്നുള്ള പത്ത് വനിതകളെയാണ് ഈ നിർണായക ദൗത്യത്തിനായി തെരഞ്ഞെടുത്തത്. സൗദി അറേബ്യയിൽ തുറമുഖ പ്രവർത്തനങ്ങളുടെ സാങ്കേതിക മേഖലയിലേക്ക് വനിതകൾ കടന്നുവരുന്നത് ഇത് ആദ്യമായാണ്.
ചൈനയിൽ നിർമ്മിച്ച ഈ അത്യാധുനിക ക്രെയിനുകൾ നിയോം തുറമുഖത്തിന്റെ പ്രവർത്തനക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും. സ്മാർട്ട് വ്യാപാര കേന്ദ്രമെന്ന നിലയിൽ തുറമുഖത്തെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രെയിനുകളുടെ പ്രവർത്തനം പൂർണ്ണമായും നിയന്ത്രിക്കുന്നത് കൺട്രോൾ റൂമിൽ നിന്നായിരിക്കും. ഓട്ടോമേറ്റഡ് ട്രാൻസ്പോർട്ട് സംവിധാനം, ലോജിസ്റ്റിക് ശേഷിയുടെ വികസനം, കപ്പലുകൾക്കായുള്ള തുറമുഖപ്പാലം എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും നിയോം തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.