ഹൂതി ആക്രമണത്തോടെ കപ്പൽ കമ്പനികൾ ചെങ്കടൽ വഴിയുള്ള സർവീസ് നിർത്തി

എങ്ങിനെ ഇടപെടുമെന്ന ആശങ്കയിൽ യുഎസ്

Update: 2023-12-16 03:10 GMT
Advertising

ഹൂതികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, ലോകത്തെ വൻകിട ഷിപ്പിങ് കമ്പനികളായ മേഴ്സ്കും ഹെപക് ലോയ്ഡും യാത്ര റദ്ദാക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള വിപണിയിലും ഗൾഫിൽ പ്രത്യേകിച്ചും പിന്മാറ്റം പ്രതികൂലമായി പ്രതിഫലിക്കും.

ഷിപ്പിങ് ലൈനുകളിലെ ഇൻഷൂറൻസ് വർധനയും ഇറക്കുമതി വൈകുന്നതും വിലക്കയറ്റത്തിനും കാരണമാകും. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളെ ലക്ഷ്യം വെക്കുന്നത്.

ഹൂതികളുടെ ആക്രമണം ഭയന്ന് ഹെപക് ലോയ്ഡ് തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി യാത്ര റദ്ദാക്കിയിരിക്കുന്നത്. എന്നാൽ മേഴ്സ്ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കു നീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടൽ വഴി സർവീസ് നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ചെങ്കടൽ.

അതിൽ യമന്റേയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അൽ മന്ദബ്. 32 km വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള കപ്പലുകൾ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം.

ഈജിപ്തിലെ സൂയിസ് കനാൽ വഴി ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവർഷം 17,000 കപ്പലുകൾ, അഥവാ ആഗോള വ്യാപാരത്തിന്റെ 10% ഇതുവഴി കടന്നുപോകുന്നു. ഈ വഴിയില്ലെങ്കിൽ യൂറോപ്പിലെത്താൻ കപ്പലുകൾക്ക് ആഴ്ചകൾ അധികമെടുക്കും.ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം.


ക്രിസ്മസ് കാലമടുത്തതോടെ വിപണിയിൽ തിരക്കേറുന്ന സമയമാണിത്. ഈ സമയം ചരക്കു കപ്പലുകൾ സർവീസ് റദ്ദാക്കുന്നതോടെ യൂറോപ്പിൽ സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ആക്രമണ ഭയം കാരണം കണ്ടെയ്നറുകളുടെ ഇൻഷൂറൻസ് തുകയും വർധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന സകല കപ്പലുകളും ഹൂതികൾ നിരീക്ഷിച്ചാണ് വിട്ടയക്കുന്നത്.

ഇസ്രയേലിലേക്കുള്ളവക്ക് നേരെ ആക്രമണം ഉറപ്പാണ്. രണ്ടു ദിവസത്തിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയുളള ഹൂതി ആക്രമണം ലക്ഷ്യം കണ്ടു. ഒരു മാസത്തിനിടെ ഇസ്രയേലിലേക്കുള്ള പത്തിലേറെ കപ്പലുകൾക്ക് ആക്രമണമുണ്ടായി. ഇറാൻ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂതികൾ. യമന്റെ തീരപ്രദേശമടക്കം സുപ്രധാന മേഖലകൾ ഇവരുടെ ഭരണത്തിലാണ്.


ഹൂതികൾക്കെതിരെ തിരിച്ചടിക്കാൻ യുഎസ് ഉൾപ്പെടെ ഭയക്കുന്നുണ്ട്. ഹൂതികളുമായി സൂക്ഷിച്ചേ ഇടപെടാവൂ എന്ന് നേരത്തെ ഇവരുമായി യുദ്ധം ചെയ്ത സൗദിയുൾപ്പെടെയുള്ളവർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഗസ്സ യുദ്ധത്തിന്റെ പേരിൽ യമനിൽ യുഎസ് ഇസ്രയേൽ ആക്രമണം നടന്നാൽ ഗൾഫിലുടനീളം അത് പടരും. ഇതാണ് ഭീതിക്ക് കാരണം. ഇതോടെ ഹൂതികളുടെ ആക്രമണം ചെറുക്കാനുള്ള വഴികൾ തേടുകയാണ് യുഎസ് ഉൾപ്പെടെ ഇസ്രയേൽ അനുകൂല രാജ്യങ്ങൾ.




Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News