സാമൂഹ്യപ്രവർത്തകൻ അഹമ്മദ് പാറക്കൽ അന്തരിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം
ജിദ്ദ: ദീർഘകാലം ജിദ്ദ പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി അഹമ്മദ് പാറക്കൽ (80) ഹൃദയാഘാതത്തെ തുടർന്ന് തുർക്കിയിലെ ഇസ്തംബുളിൽ നിര്യാതനായി. ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും പരിശീലകനുമായ സാജിദ് പാറക്കലിന്റെ പിതാവാണ്. ഭാര്യ ആയിഷബി, മക്കളായ സാജിദ്, ഇസ്‌മായിൽ, മരുമക്കൾ എന്നിവരോടൊപ്പം തുർക്കി സന്ദർശനത്തിന് പോയതായിരുന്നു. ഇസ്‌തംബൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം.
അസുഖ വിവരമറിഞ്ഞു ഡോക്‌ടർമാരായ മറ്റു രണ്ട് മക്കൾ ശനിയാഴ്ച തുർക്കിയിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിനുള്ള പൂർത്തിയാക്കിവരികയാണ്. നേരത്തെ നാട്ടിൽ യൂനിയൻ ബാങ്കിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജോലി രാജിവെച്ചാണ് ജിദ്ദയിൽ പ്രവാസം ആരംഭിച്ചത്. ദീർഘകാലം ജിദ്ദയിൽ ഫൈസൽ ഇസ്ലാമിക് ബാങ്കിൽ വിവിധ പദവികൾ വഹിച്ച് വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് വിരമിച്ചാണ് 2015ൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ജിദ്ദയിലായിരിക്കുമ്പോൾ സാമൂഹിക, ജീവകാര്യണ്യ മേഖലയിലും ഹജ്ജ് സേവന രംഗത്തും സജീവമായിരുന്നു. വിവിധ സംഘടനകളുടെ ഹജ്ജ് കൂട്ടായ്മയായ ഹജ്ജ് വെൽഫെയർ ഫോറം സ്ഥാപക നേതാവായിരുന്നു. തനിമ സാംസ്കാരിക വേദിയുടെ നേതാവായും പ്രവർത്തിച്ചിരുന്നു.
നാട്ടിലേക്ക് മടങ്ങിയ ശേഷം സജീവമായി സേവനരംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. കാഞ്ഞിരോടുള്ള അൽ ഹുദ ഇംഗ്ലീഷ് സ്‌കൂൾ രക്ഷാധികാരി, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയർമാൻ, അൽ ഹുദ അക്കാദമി പ്രോജക്‌ട് കൺവീനർ, ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരോട് യൂനിറ്റ് പ്രസിഡന്റ്, കാരുണ്യ ട്രസ്റ്റ് ഫൗണ്ടർ ചെയർമാൻ, തണൽ കാഞ്ഞിരോട് ചെയർമാൻ, കാഞ്ഞിരോട് ബൈതുസകാത്ത് കമ്മിറ്റി പ്രസിഡന്റ്റ്, ജമാഅത്തെ ഇസ്ലാമി ചക്കരക്കൽ ഏരിയ സമിതി അംഗം, മസ്‌ജിദുൽ ഹുദ രക്ഷാധികാരി, കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റി (സംഗമം അയൽകൂട്ടം) പ്രഥമ ചെയർമാൻ, അൽ ഹുദ ഹോളിഡേ മദ്റസ പ്രസിഡൻ്റ്, കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കൺവീനർ, മീഡിയവൺ ഫിനാൻസ് അഡ്വൈസർ, നഹർ കോളേജ് കൺവീനർ തുടങ്ങിയ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
കാഞ്ഞിരോട് പ്രദേശത്തെ ആദ്യ യൂനിവേഴ്‌സിറ്റി ഡിഗ്രി (ബി.എസ്.സി അഗ്രിക്കൾച്ചർ) റാങ്ക് ഹോൾഡറായിരുന്നു. പിതാവ്: പി.പി അയമ്മദ്, മാതാവ്: പാറക്കൽ ആയിഷ, ഭാര്യ: ആയിഷബി (ഗ്രീൻ ഹൗസ്), മക്കൾ: ഡോ: ഷബീർ (ഡയാകെയർ, കണ്ണൂർ), സാജിദ് (സൗദി), ഇസ്‌മായിൽ (ചർട്ടേർഡ് അക്കൗണ്ടന്റ്, കണ്ണൂർ), ഡോ. സുഹാന (ആശിർവാദ് ഹോസ്‌പിറ്റൽ), സുഹൈല (ഫാർമസിസ്റ്റ്, സൗദി). മരുമക്കൾ: ഡോ. മുഹമ്മദ് ഷഹീദ് (ആശിർവാദ് ഹോസ്‌പിറ്റൽ), ഹാഷിർ (ചർട്ടേർഡ് അക്കൗണ്ടന്റ്, സൗദി), റോഷൻ നഗീന (ആർക്കിടെക്‌ട്), ഡോ. ഹൈഫ, അൻസീറ ഷഹ്‌സാദി ബൗട്ടിക് (കണ്ണൂർ), സഹോദരങ്ങൾ: മൊയ്‌ദീൻ (ചാംസ് സ്പോർട്‌സ്, കണ്ണൂർ), യൂസുഫ് (സൗദി), മായൻ (സൗദി), ഖദീജ (കാഞ്ഞിരോട്), പരേതയായ ഫാത്തിമ.