സൗദിയിൽ നാളെ മുതൽ ടാക്‌സി ഡ്രൈവർ കാർഡ് നിർബന്ധം

കാർഡ് ലഭിക്കാത്തവർ ടാക്‌സി ഓടിക്കാൻ പാടില്ല

Update: 2025-04-30 17:18 GMT

ജിദ്ദ: സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ടാക്‌സി സ്ഥാപനവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.

വിവിധ മേഖലകളിൽ നേരത്തെ നടപ്പാക്കിയ ഡ്രൈവർ കാർഡ് സംവിധാനമാണ് നാളെ മുതൽ ടാക്‌സി ഡ്രൈവർമാർക്കും നിർബന്ധമാക്കുന്നത്. ഇതിനായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നേരത്തെ തന്നെ ടാക്‌സി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.

Advertising
Advertising

ഡ്രൈവിംഗ് ലൈസൻസിന് പുറമെ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സാധുവായ ഡ്രൈവർ കാർഡില്ലാത്ത ആർക്കും മെയ് ഒന്ന് മുതൽ ടാക്‌സികളിൽ ജോലി ചെയ്യാൻ അനുവാദമില്ല. ടാക്സി, റെന്റ് എ കാർ, ഓൺലൈൻ ടാക്സി എന്നിവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന നിയമാവലിയിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ്, പരിശീലന സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ക്രിമിനൽ പശ്ചാതലം തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഡ്രൈവർ കാർഡുകൾ അനുവദിക്കുക.

ടാക്‌സി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നടപടി. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ തങ്ങളുടെ ടാക്‌സി കമ്പനികളുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണം. ചരക്ക് ഗതാഗതം, വിദ്യാഭ്യാസ മേഖലയിലെ ഗതാഗതം, നഗരങ്ങൾക്കുള്ളിലെ ബസ് ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ ഈ സംവിധാനം കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ടാക്‌സി മേഖലയിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News