കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജിന് ഇന്ത്യയിൽനിന്ന് പതിനായിരം പേർക്ക് അവസരം
അപേക്ഷകൾ വർധിച്ചാൽ നറുക്കെടുപ്പ്
ജിദ്ദ: കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജിന് ഇന്ത്യയിൽനിന്ന് പതിനായിരം പേർക്ക് അവസരം. അപേക്ഷകർ കൂടിയാൽ നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കും. പാക്കേജിൽ 20 ദിവസം കൊണ്ട് ഹജ്ജും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനാവും.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇത്തവണ കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് ഓപ്ഷൻ രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സീറ്റുകളുടെ എണ്ണത്തിലാണ് ഇപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തത വരുത്തിയത്. 10000 സീറ്റുകൾ 20 ദിവസത്തെ ഹജ്ജ് പാക്കേജിനായി മാറ്റിവെക്കും. ഹജ്ജ് തുകയിൽ മാറ്റം ഉണ്ടാവുകയില്ല. കൂടുതൽ പേർ അപേക്ഷിക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. നറുക്കെടുപ്പിലും അവസരം ലഭിക്കാത്തവരെ ജനറൽ കാറ്റഗറിയിലേക്ക് മാറ്റും.
ജനറൽ കാറ്റഗറിയിലും നറുക്കെടുപ്പ് വഴിയാണ് ഹജ്ജിനുള്ള അവസരം ലഭിക്കാറുള്ളത്. എന്നാൽ 45 മുകളിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കുന്ന വിതൗട്ട് മഹറം വിഭാഗത്തിലും 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും നറുക്കെടുപ്പില്ലാതെയാണ് അവസരം. 65 ന് മുകളിലുള്ള തീർഥാടകരോടൊപ്പം ഒരു സഹായി നിർബന്ധമാണ്. വരും ദിവസങ്ങളിൽ ഇന്ത്യക്കുള്ള ഹജ്ജ് കോട്ട പ്രഖ്യാപിക്കും. ഈ മാസം 31 വരെയാണ് ഹജ്ജിന് ഓൺലൈൻ വഴി അപേക്ഷിക്കാനാവുക.