അടുത്ത വർഷം സൗദി വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്നത് മികച്ച പദ്ധതികൾ
അക്കാദമിക് നേട്ടവും തൊഴിൽ നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യം
റിയാദ്: വിദ്യാഭ്യാസമേഖലയിൽ മികച്ച പദ്ധതികൾ നടപ്പാക്കാൻ സൗദി. അടുത്ത വർഷം നടപ്പിലാക്കാൻ പോകുന്ന പദ്ധതികളിലൂടെ അക്കാദമിക് നേട്ടവും തൊഴിൽ നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യംവെക്കുകയാണ് രാജ്യം. വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ നിലവാരം ഉയർത്താനായി ഒന്നിലധികം വിഷയങ്ങളിൽ പഠനം സാധ്യമാക്കുന്ന പ്രത്യേക പ്രോഗ്രാമുകൾ അവതരിപ്പിക്കും. സർക്കാർ യൂണിവേഴ്സിറ്റികൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ, മിലിട്ടറി കോളേജുകൾ എന്നിവയെക്കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിൽ ഏകീകൃത ദേശീയ പ്രവേശന പ്ലാറ്റ്‌ഫോമായ ഖുബൂലിൻ്റെ രണ്ടാംഘട്ടം ആരംഭിക്കും. അതിലൂടെ വിദേശപഠനത്തിനുള്ള പ്രോഗ്രാമുകളുടെ എണ്ണം വർധിപ്പിക്കാനാകും. സ്പെഷ്യലൈസ്ഡ് ഗിഫ്റ്റഡ് സ്കൂളുകളുടെ എണ്ണം 16 ആയി വികസിപ്പിക്കാനും ആലോചനയുണ്ട്. ജിദ്ദ, മക്ക, റിയാദ്, കിഴക്കൻ പ്രദേശം, ഖസീം, മദീന മേഖലകളിൽ സ്കൂളുകൾ പ്രത്യേക പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
സാങ്കേതിക, കായിക, സാംസ്കാരിക മേഖലകളിൽ പരിപാടികൾ നടത്താനാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൈനീസ് ഭാഷാ പഠനം വിപുലീകരിക്കുന്നതിനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട് സൗദി. പഠിതാക്കളെ ചൈനീസ് ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, അവരെ ചൈനീസ് സംസാരിക്കുന്നവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുക എന്നിവ ലക്ഷ്യമിട്ട് രാജ്യം പല പദ്ധതികളും നടത്തുന്നുണ്ട്. 2026-ഓടെ ഏകദേശം 85916 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം 325 അധ്യാപകരെയും അധ്യാപികമാരെയും ചൈനീസ് ഭാഷ പഠിക്കുന്നതിനും ചൈനീസ് ഭാഷാപഠനത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനുമായി ചൈനയിലെയും അറബ് രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റികളിലേക്ക് അയക്കാനും സൗദിക്ക് പദ്ധതിയുണ്ട്.