Writer - razinabdulazeez
razinab@321
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് നാളെ പൂർത്തിയാകും. 27,000 ത്തിലേറെ പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ കാത്തിരിപ്പ് പട്ടികയിൽ ഇടം പിടിച്ചവർക്ക് ഇത്തവണ മുൻഗണന ലഭിക്കും.
ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ ഹജ്ജ് അപേക്ഷകളാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. 1,22,000ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കാൻ സാധ്യത. അവസാന ലിസ്റ്റ് പുറത്തിറക്കുന്നതിനാണ് ഓൺലൈൻ വഴി നറുക്കെടുപ്പ് പൂർത്തിയാക്കുന്നത്. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നാളെ ഉച്ചയ്ക്ക് 11:30നാണ് നറുക്കെടുപ്പ്. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നറുക്കെടുപ്പ് തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് 17000 ത്തോളം തീർഥാടകർക്കാണ് ഇത്തവണയും സാധ്യത.
കഴിഞ്ഞ വർഷത്തെ കാത്തിരിപ്പ് പട്ടികയിലുള്ളവർക്കും, 65 വയസ്സിനു മുകളിലുള്ളവർക്കും, വിത്തൗട്ട് മഹ്‌റം വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്. അവസരം ലഭിക്കുന്നവർ 1,52,300 രൂപ ആഗസ്റ്റ് 20നകം ഹജ്ജിന്റെ ആദ്യ ഗഡുവായി അടക്കേണ്ടി വരും. നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് അവസാന ലിസ്റ്റ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.