സൗദിയിൽ ചൂടിന് കാഠിന്യമേറി; താപനില 48 ഡിഗ്രി വരെയെത്തി
വേനല്‍ കനത്തതോടെ പുറം ജോലികളിലേര്‍പ്പെടുന്നവരോട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ, മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദിയുടെ കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകള്‍ വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണിപ്പോള്‍. താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ സമാനിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. തൊട്ടടുത്ത നഗരങ്ങളായ അല്‍ഹസ്സയിലും ദാനയിലും 47 ഡിഗ്രിയും, ദമ്മാം ഹഫര്‍ബാത്തിന്‍, അല്‍ഖര്‍ജ് ഭാഗങ്ങളില്‍ 46 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളായി റിയാദിലും മക്കയിലും മദീനയിലും ചൂട് 45 ഡിഗ്രി വരെയെത്തി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 20 ഡിഗ്രി സെല്‍ഷ്യസ് അബഹയില്‍ രേഖപ്പെടുത്തി. ഖുറയ്യാത്ത, അല്‍ബാഹ, തുറൈഫ് ഭാഗങ്ങളിലും തണുപ്പാണ് അനുഭവപ്പെട്ടു വരുന്നത്. വേനല്‍ കനത്തതോടെ പുറം ജോലികളിലേര്‍പ്പെടുന്നവരോട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ, മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.