ഹിജ്‌റ പുതുവർഷം: കഅ്ബക്ക് നാളെ പുതിയ കിസ്‌വ അണിയിക്കും
11 മാസമെടുത്ത് നിർമിച്ച പുതിയ മൂടുപടമാണ് കഅബയെ അണിയിക്കുക
മക്ക: വിശുദ്ധ കഅബക്ക് നാളെ (മുഹറം ഒന്ന്, ഹിജ്റ വർഷത്തിലെ പുതുവത്സരപ്പുലരി) പുതിയ കിസ്‌വ അണിയിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ഹറമിൽ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം തന്നെ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പുലർച്ചെ കഅ്ബയുടെ പഴയ മൂടുപടം നീക്കി 11 മാസമെടുത്ത് നിർമ്മിച്ച പുതിയ കിസ്‌വ അണിയിക്കും. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്നാണ് ഈ പുണ്യകർമ്മം പൂർത്തിയാക്കുക.
ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചും കൈകൊണ്ടു തുന്നിയുമാണ് കിസ്‌വ നിർമ്മിക്കുന്നത്. കറുത്ത പട്ടിലാണ് ഇത് തയ്യാറാക്കുന്നത്. 68 ഖുർആൻ വചനങ്ങൾ സ്വർണ്ണ-വെള്ളി നൂലുകളിൽ ഇതിൽ തുന്നിച്ചേർത്തിട്ടുണ്ട്. 15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമുള്ള നാല് കഷ്ണങ്ങളാണ് കിസ്‌വക്കുണ്ടാവുക. ഇത് കഅബയുടെ മുകളിൽ കയറിയും അരികിൽ നിന്നും തുന്നിപ്പിടിപ്പിക്കും. ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരാണ് ഈ പ്രക്രിയക്ക് നേതൃത്വം നൽകുക