ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടിനെതിരെയുള്ള പ്രതിഷേധമാവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ഓൾഡ് സനായ്യ ഏരിയ കെഎംസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ചയായത്
റിയാദ് : ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴിൽ തുടങ്ങി സർവ മേഖലകളിലും ഭരണ പരാജയം നേരിടുന്ന ഇടതുപക്ഷ സർക്കാരിനെ താഴെ ഇറക്കുന്നതിനുള്ള ആദ്യപടിയായാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പൊതുജനം സമീപിക്കുക എന്ന് ഓൾഡ് സനായ്യ ഏരിയ കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. മുസ്‌ലിം ലീഗ് പാർട്ടിയുടെയും യുഡിഎഫിന്റെയും മുഴുവൻ സാരഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ട സഹായ പ്രവർത്തനങ്ങൾ പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാട്ടിലേക്ക് പോകുന്ന വൈസ് പ്രസിഡണ്ട് റസാഖ് പൊന്നാനിയെ യോഗം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പ്രവർത്തന മേഖലകളിൽ നിന്ന് മാറിനിൽക്കുന്നവരെയും പാർട്ടിയെയും യുഡിഎഫ് സംവിധാനത്തെയും പ്രതിരോധത്തിലാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മെമ്പർമാർക്കെതിരെയും നേതൃത്വം ഉചിതമായ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ക്യാംപയ്‌നിന്റെ ഏരിയ തല ഉദ്ഘാടനം അധ്യക്ഷൻ ഷാഹിദ് അറക്കൽ സെക്രട്ടറി അഷ്‌റഫ് പൂക്കോട്ടൂരിന് ഫോം നൽകി നിർവഹിച്ചു. ഡിസംബർ മാസം അവസാനിക്കുന്ന ഏരിയ കമ്മിറ്റിക്ക് കീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന കുറിയിലെ മെമ്പർമാർക്ക് നന്ദി രേഖപ്പെടുത്തുകയും അവസാന നറുക്കിലെ ആറുപേർക്ക് സമ്മാനം നൽകാനും പുതിയ കുറി ജനുവരി മാസം മുതൽ തുടങ്ങാനും യോഗം തീരുമാനിച്ചു. വ്യത്യസ്തമായ പരിപാടികൾ ഉൾകൊള്ളിച്ചുകൊണ്ട് ഹൃസ്വകാല ക്യാംപയ്‌ൻ കമ്മിറ്റിക്ക് കീഴിൽ നടത്താൻ തീരുമാനിച്ചു.
റസാഖ് പൊന്നാനി, ശഫീഖ് കുറുവ, അൻസാർ കൊല്ലം, അഷ്‌റഫ് പൂക്കോട്ടൂർ, സലീം സിയാംകണ്ടം, ആബിദ് കൂമണ്ണ, റഫീഖ് തലശ്ശേരി, റഫീഖ് പന്തല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രെട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ട്രഷറർ ഹനീഫ് കൊടുവള്ളി നന്ദിയും പറഞ്ഞൂ.