യമനിലെ ഹൂതികളെ നേരിടാൻ സൗദിക്ക് യു.എസ് സഹായം

Update: 2021-11-06 15:25 GMT

യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് എഴുന്നൂറിലേറെ ഹൂതികൾ. സൗദിയിലേക്ക് ആക്രമം കനത്തതോടെയാണ് തിരിച്ചടി. യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. ജോ ബൈഡൻ യുഎസ് പ്രസിഡണ്ടായ ശേഷം ആദ്യമായാണ് സൗദി അറേബ്യക്ക് ആയുധം കൈമാറുന്നത്.

65 കോടി ഡോളറിനാണ് സൗദിയുമായി യുഎസ് കരാർ. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ സൗദിക്കെതിരെ വര്‍ധിച്ച പശ്ചാത്തലത്തിലാണ് യുഎസ് വ്യോമ-വ്യോമ മിസൈലുകള്‍ സൗദിക്ക് നൽകുന്നത്. ആയുധങ്ങള്‍ വില്‍പന നടത്തുന്നതിനെ കുറിച്ച് അമേരിക്കന്‍ വിദേശ മന്ത്രാലയം യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അനുമതിക്ക് പിന്നാലെയാകും ആയുധങ്ങൾ സൗദിയിലേക്കെത്തുക. 280 അഡ്വാന്‍സ്ഡ് മീഡിയം റെയ്ഞ്ച് വ്യോമ-വ്യോമ മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങളാണ് സൗദി അറേബ്യക്ക് വില്‍ക്കുന്നത്. യമനിലെ നിയമാനുസൃത ഭരണകൂടത്തെ നിലനിർത്താനുള്ള സൗദി ശ്രമത്തിൽ യു.എസും ഭാഗമാണ്.

Advertising
Advertising

ഇവർക്കെതിരെയുള്ള ഡ്രോൺ ആക്രമണം തടയാനാണ് അന്തരീക്ഷത്തിൽ വെച്ച് ഇവയെ തകർക്കുന്ന പ്രത്യേക മിസൈലുകൾ. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ ഈ മിസൈലുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഹൂത്തി മിലീഷ്യകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൗദി അറേബ്യയെ സഹായിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. ഇന്നും സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതി ആക്രമണ ശ്രമം നടന്നിരുന്നു. സൗദിക്കെതിരെ നൂറിനടുത്ത് ഡ്രോൺ ആക്രമണങ്ങളാണ് മൂന്ന് മാസത്തിനിടെയുണ്ടായത്. ഇതോടെ ഹൂതികൾക്കെതിരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തതിൽ 700 ലേറെ ഹൂതി സായുധർ കൊല്ലപ്പെട്ടെന്നാണ് കണക്ക്

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News