ഇറാനെതിരായ യു.എസ് പടയൊരുക്കം തുടരുന്നു; പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് സൗദി അറേബ്യ
കിരീടവകാശിയുടെ നിർദേശത്തിലാണ് ഇടപെടൽ
റിയാദ്: ഇറാനിൽ യുഎസ് ആക്രമണത്തിന്റെ സാധ്യതകൾ നിലനിൽക്കെ സമാധാന ശ്രമങ്ങൾ സജീവമാക്കി സൗദി അറേബ്യ. യുഎസ് വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെ ഉന്നതരുമായി സൗദി പ്രതിരോധ മന്ത്രിയുടെ മേൽനോട്ടത്തിലുള്ള സംഘവും ഇസ്രായേൽ വിദേശകാര്യ മന്ത്രിയും ചർച്ച നടത്തിയിട്ടുണ്ട്. സൗദി വ്യോമാതിർത്തികളും ഭൂപ്രദേശങ്ങളും ഇറാനെതിരായ ആക്രമണത്തിന് അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി ഇറാൻ പ്രസിഡണ്ടിന് ഉറപ്പു നൽകിയിരുന്നു. സൗദി കിരീടാവകാശിയുടെ പ്രത്യേക നിർദേശ പ്രകാരം അദ്ദേഹത്തിന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യുഎസിൽ ചർച്ചകളിലാണ്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റെ ഹെഗ്സേത് എന്നിവരുമായി ഖാലിദ് ബിൻ സൽമാൻ ചർച്ച നടത്തി. ആക്രമണം മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം സൗദി മുന്നറിയിപ്പായി നൽകിയെന്നാണ് വിവരം. യുഎസ് ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പോടെ വ്യാപാര മേഖലയെ തന്നെ ഇത് ബാധിക്കുന്നുണ്ട്. എണ്ണവില തുടരെ ഇടിയുന്നത് ഗൾഫ് വിപണിയുടെ നട്ടെല്ലിനെ തന്നെ ബാധിക്കും.
ആക്രമണം നടന്നാൽ പ്രത്യാക്രമണവും പ്രതിസന്ധിയുമായി ഈ ഇടിവ് തുടരും. ഇസ്രായേൽ മന്ത്രിതല സംഘവും ട്രംപുമായുള്ള ചർച്ചക്ക് മുന്നോടിയായി വാഷിങ്ടണിലുണ്ട്. ഇവരുടെ ചർച്ചക്ക് മുന്നേ സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരായ നീക്കത്തിന് സൗദിയുടെ വ്യോമ മേഖലയോ ഭൂപ്രദേശമോ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി ഇറാൻ പ്രസിഡണ്ടിനോട് വ്യക്തമാക്കിയിരുന്നു. സൗദിയിൽ യുഎസ് വ്യോമതാവളങ്ങളുണ്ടെങ്കിലും ഇവിടെ നിന്നുള്ള പടക്കോപ്പുകൾ യുഎസ് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നാൽ ഇറാന് തിരിച്ചടിക്കാനുള്ള വഴി ഗൾഫ് രാജ്യങ്ങളുടെ യുഎസ് താവളങ്ങളാണ്. ഇറാനുമായി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ, മേഖലയിലെ സമാധാനാന്തരീക്ഷം ലകഷ്യം വെച്ച് നല്ല ബന്ധത്തിലാണ് നിലവിൽ സൗദി അറേബ്യയുള്ളത്. യുദ്ധാന്തരീക്ഷം നിലനിൽക്കുന്നത് മേഖലയിലെ സമാധാനാന്തരീക്ഷത്തെ ബാധിച്ചിട്ടുണ്ട്.