സൗദിയിൽ സ്ത്രീകളോ പുരുഷന്മാരോ ഫിറ്റ്‌നസിൽ മുന്നിൽ? ഔദ്യോഗിക സർവേ ഫലം പുറത്ത്
നടത്തവും സൈക്ലിങ്ങും സൗദിയിലെ ഇഷ്ട വ്യായാമങ്ങൾ
റിയാദ്: സൗദിയിലെ മുതിർന്ന ജനസംഖ്യയിൽ 59.1 ശതമാനം പേരും ആഴ്ചയിൽ 150 മിനിറ്റോ അതിൽ കൂടുതലോ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ. 2025ലെ ദേശീയ ആരോഗ്യ സർവേ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരിൽ പുരുഷന്മാരാണ് വ്യായാമ ശീലത്തിൽ മുന്നിൽ. പുരുഷന്മാരിൽ 66.5 ശതമാനം പേർ ആഴ്ചതോറും കൃത്യമായി വ്യായാമം ചെയ്യുമ്പോൾ, സ്ത്രീകളിൽ ഇത് 43.1 ശതമാനമാണ്. പ്രായപരിധി പരിശോധിച്ചാൽ 18നും 29നും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതൽ ശാരീരികക്ഷമത നിലനിർത്തുന്നത്. ഈ വിഭാഗത്തിൽ 71.2 ശതമാനമാണ് നിരക്ക്. അതേസമയം, 80 വയസ്സിന് മുകളിലുള്ളവരിൽ ഇത് 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ശാരീരിക വ്യായാമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ദൈനംദിന നടത്തവും സൈക്ലിങ്ങുമാണ്. 57.1 ശതമാനം പേരും വിവിധ ആവശ്യങ്ങൾക്കായി നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. ജോലി സംബന്ധമായ ശാരീരിക അധ്വാനങ്ങൾ 43.9 ശതമാനവും, ഒഴിവുസമയങ്ങളിലെ വ്യായാമം 37.8 ശതമാനവുമാണ് രേഖപ്പെടുത്തിയത്. അതേസമയം, ആളുകൾ ചലനമില്ലാതെ ഒരിടത്ത് ചെലവഴിക്കുന്ന സമയവും സർവേ പരിശോധിച്ചു. ഉറക്കമൊഴികെ, പകൽ സമയത്ത് ഇരിക്കാനോ കിടക്കാനോ ആയി രാജ്യത്തെ മുതിർന്നവർ ശരാശരി 309 മിനിറ്റ് ചെലവഴിക്കുന്നുണ്ട്. ഇതിൽ സ്ത്രീകൾ ശരാശരി 319 മിനിറ്റും പുരുഷന്മാർ 304 മിനിറ്റും ഇത്തരത്തിൽ ചെലവഴിക്കുന്നതായാണ് വിവരം.
കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സർവേ പുറത്തുവിട്ടു. 5 മുതൽ 17 വയസ്സുവരെയുള്ളവരിൽ 19 ശതമാനം പേർ മാത്രമാണ് പ്രതിദിനം 60 മിനിറ്റോ അതിൽ കൂടുതലോ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത്. ആൺകുട്ടികളിൽ ഇത് 23.3 ശതമാനവും പെൺകുട്ടികളിൽ 14.4 ശതമാനവുമാണ്. മാത്രമല്ല, പഠനാവശ്യങ്ങൾക്ക് പുറമെ ടെലിവിഷൻ കാണാനും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുമായി 34.6 ശതമാനം കുട്ടികളും ദിവസവും ഒന്നുമുതൽ രണ്ട് മണിക്കൂർ വരെ ഒരിടത്തുതന്നെ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളിൽ കായിക സംസ്‌കാരവും ആരോഗ്യകരമായ ജീവിതരീതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ രാജ്യത്ത് ഫലം കാണുന്നുവെന്നാണ് മുതിർന്നവരിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.