യു.എ.ഇ യാത്ര ഇളവ് സൗദി പ്രവാസികൾക്കും ആശ്വാസം; ഇടത്താവളങ്ങളിൽ തിരക്ക് കുറയും
ഖത്തറിൽ ഹോട്ടൽ ബുക്കിംഗ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിരവധി സൗദി പ്രവാസികൾക്കാണ് യാത്ര മുടങ്ങിയത്
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്കിൽ യുഎഇ ഇളവ് പ്രഖ്യാപിച്ചത് സൗദി പ്രവാസികളുടെ യാത്രക്ക് സഹായകമായേക്കും. യു.എ.ഇയിൽ നേരിട്ട് പ്രവേശിക്കാൻ അനുമതി ലഭിച്ചതോടെ പ്രവാസികൾ ഇടതാവളമായി തങ്ങുന്ന രാജ്യങ്ങളിലെ തിരക്ക് കുറയും. ഇതാണ് സൗദി യാത്രക്കാർക്ക് ഗുണമാകുക. ഖത്തറിൽ ഹോട്ടൽ ബുക്കിംഗ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിരവധി സൗദി പ്രവാസികൾക്കാണ് യാത്ര മുടങ്ങിയത്.
ഖത്തർ വഴി സൗദിയിലേക്ക് പുറപ്പെടാനായി ടിക്കറ്റെടുത്ത പ്രവാസികൾക്കാണ് യാത്ര മുടങ്ങിയത്. ഖത്തറിൽ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായ പരിഷ്‌കരിച്ച യാത്ര നിബന്ധനകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവർ പത്ത് ദിവസം ഹോട്ടൽ ക്വാറന്‍റൈനില്‍ കഴിയേണ്ടതാണ്. എന്നാൽ ഹോട്ടൽ ക്വാറന്‍റൈന്‍ ബുക്കിംഗ് ലഭിക്കാത്തതിനാൽ നിരവധി പേരുടെ യാത്ര മുടങ്ങി. പലർക്കും വൻ തുകയാണ് ഇതിലൂടെ നഷ്ടമായത്. തൊട്ടടുത്ത ദിവസങ്ങളിലേക്ക് യാത്ര ക്രമീകരിക്കുന്നവർ ടിക്കറ്റെടുക്കുന്നതിന് മുമ്പ് ഹോട്ടൽ ക്വാറന്‍റൈന്‍ ബുക്കിംഗ് ഉറപ്പാക്കേണ്ടതാണ്. കഴിയുന്നതും അൽപ ദിവസം വൈകിയാണ് യാത്രക്ക് ശ്രമിക്കുന്നതെങ്കിൽ ഹോട്ടൽ ക്വാറന്‍റൈന്‍നും വിമാനടിക്കറ്റും ലഭിക്കുവാൻ എളുപ്പമാണെന്ന് അനുഭവസ്ഥർ വ്യക്തമാക്കി.
ഹോട്ടൽ ക്വാറന്‍റൈന്‍ ബുക്കിംഗ് ക്യാൻസൽ ചെയ്താൽ പണം തിരിച്ച് കിട്ടാൻ 60 ദിവസം വരെ സമയമെടുത്തേക്കും. അതിനാൽ വിമാന ടിക്കറ്റെടുക്കുന്നവർ റീ ഫണ്ട് സാധ്യതയുള്ള ടിക്കറ്റെടുക്കുന്നതാണ് ഉചിതമെന്നും അനുഭവസ്ഥർ പറയുന്നു. സൗദിക്ക് പുറമെ യു.എ.ഇ യിലേക്കുള്ള യാത്രക്കാരും ഖത്തറിനെ ഇടത്താവളമാക്കിയാണ് യാത്ര ചെയ്യുന്നത്. ഇതും ഖത്തറിൽ ഹോട്ടൽ ക്വാറന്‍റൈന്‍ ബുക്കിംഗിന് തിരക്ക് വർധിക്കാൻ കാരണമാണ്. എന്നാൽ ആഗസ്ത് അഞ്ച് മുതൽ യു.എ.ഇ വിസയുള്ളവർക്ക് യു.എ.ഇ യിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയത് ഖത്തർ ഉൾപ്പെടെയുള്ള ഇടതാവളങ്ങളിൽ തിരക്ക് കുറക്കാൻ സഹായകരമാകും.
ഇടത്താവളമായി തങ്ങുന്ന രാജ്യങ്ങിലേക്കുള്ള വിമാനയാത്രക്കും, ഹോട്ടൽ ബുക്കിംഗിനും തിരിക്ക് കുറക്കാൻ യു.എ.ഇ യുടെ പുതിയ ഇളവ് കാരണമാകുമെന്നാണ് പ്രതീക്ഷ. ഒറിജിനൽ മടക്ക യാത്ര ടിക്കറ്റെടുക്കാതെ ഓണ്‍ അറൈവൽ വിസയിൽ ഖത്തറിലെത്തിയ ചിലർക്ക് മടങ്ങിപോകേണ്ടതായി വന്നതായി അനുഭവസ്ഥർ വ്യക്തമാക്കി. ഖത്തറിലെത്തുന്നവർ അയ്യായിരം ഖത്തർ റിയാലിന് പകരമായി തുല്യ തുകക്കുള്ള യു.എസ് ഡോളറോ, ക്രഡിറ്റ് കാർഡോ, ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാർഡോ കൈവശം കരുതിയാലും മതിയാകും. അതേ സമയം ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇന്ത്യയുൾപ്പെടെ സൗദിയുടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്ക് കഴിഞ്ഞ ദിവസം കനത്ത പിഴ കൂടി പ്രഖ്യാപിച്ചതോടെ നിയന്ത്രണം നീണ്ട് പോകുമോ എന്ന ആശങ്കയുമുണ്ട്. കൂടാതെ ഖത്തറിൽ കൊറോണയുടെ ഡെൽറ്റവകഭേദം സ്ഥിരീകരിച്ചതും സൗദി പ്രവാസികൾ ആശങ്ക വർധിപ്പിച്ചു.