ദുബൈയിൽ 24 മണിക്കൂർ പാർക്കിങ് ഫീസ്; അൽഖൈൽ ഗേറ്റിലാണ് മാറ്റം ഏർപ്പെടുത്തിയത്
ഞായറാഴ്ചയും പാർക്കിങ് ഫീ ബാധകം
ദുബൈ: ദുബൈയിലെ താമസമേഖലയായ അൽഖൈൽ ഗേറ്റിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. ഞായറാഴ്ചയടക്കം എല്ലാദിവസവും ഈ മേഖലയിൽ പാർക്കിങ് ഫീസ് ഈടാക്കും. പാർക്കിൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
അൽഖൈൽ ഗേറ്റിലെ 365 N എന്ന സോണിലാണ് 24 മണിക്കൂറും പാർക്കിങ് ഫീസ് ഈടാക്കുക. ഞായറാഴ്ചയടക്കം ആഴ്ചയിൽ എല്ലാദിവസവും ഇവിടെ വാഹനം നിർത്തിയിടാൻ ഫീസ് നൽകേണ്ടി വരും. ദുബൈയിലെ പാർക്കിങ് സേവനങ്ങൾ ഏറ്റെടുത്ത പാർക്കിൻ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയിൽ ആദ്യമായാണ് ഒരു താമസമേഖലയിൽ 24 മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നത്. ഷാർജയിൽ നേരത്തേ പലയിടത്തും ആഴ്ചയിൽ എല്ലാദിവസവും പാർക്കിങ് നിരക്ക് ഈടാക്കുന്ന മേഖലകളുണ്ട്. ദുബൈയിലെ മറ്റിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാണ് പാർക്കിങ് ഫീസ് ബാധകം.
ഈവർഷം ഏപ്രിൽ മുതൽ ദുബൈയിലെ വിവിധ പാർക്കിങ് ഇടങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ ഉയർന്ന പാർക്കിങ് ഫീസ് ഈടാക്കുന്ന സംവിധാനം നിലവിൽ വന്നിരുന്നു. പ്രീമിയം പാർക്കിങ് സോണുകളും പ്രഖ്യാപിച്ചിരുന്നു. ഇത്തരം മാറ്റങ്ങളുടെ തുടർച്ചയായാണ് 24 മണിക്കൂർ പാർക്കിങ് കൂടി നിലവിൽ വരുന്നത്. മാറ്റം പ്രഖ്യാപിച്ച അൽഖൈൽ ഗേറ്റിൽ ഒരു മണിക്കൂർ പാർക്കിങിന് നാല് ദിർഹവും 24 മണിക്കൂർ പാർക്കിങിന് 30 ദിർഹവുമാണ് ഈടാക്കുക.