എമിറേറ്റ്‌സില്‍ 6000 ഒഴിവുകള്‍; വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു.

Update: 2021-10-25 15:51 GMT
Editor : abs | By : Web Desk
Advertising

ദുബൈയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആറായിരം ജീവനക്കാരെ കൂടി നിയമിക്കാനൊരുങ്ങുന്നു. അടുത്ത ആറ് മാസത്തിനകം ആയിരക്കണക്കിന് പേരുടെ നിയമനം നടക്കും. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നത്. 

പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെയാണ് നിയമിക്കുക. എമിറേറ്‌സിന്റെ വെബ്‌സൈറ്റിലെ കരിയര്‍ സെക്ഷനിലൂടെയാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കണ്ടേത്. കാബിന്‍ ക്രൂവിന് 9770 ദിര്‍ഹം അതവാ രണ്ടുലക്ഷത്തോളം രൂപ ശമ്പളമുണ്ടാകും. ബോയിങ് എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റന്‍മാര്‍ക്ക് 43,013 ദിര്‍ഹം. (ഒമ്പത് ലക്ഷം രൂപ)

എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. കോവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്‌സ് ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

സര്‍വീസുകള്‍ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ 3000 ക്യാബിന്‍ ക്രുവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചിരുന്നു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News