അബൂദബിയിൽ ആദ്യമായി ഡ്രൈവറില്ലാ ഡെലിവറി വാഹനത്തിന് നമ്പർ പ്ലേറ്റ് അനുവദിച്ചു
അബൂദബിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രൈവറില്ലാ ടാക്‌സികൾ നേരത്തേ സർവീസ് ആരംഭിച്ചിരുന്നു
അബൂദബി: യുഎഇയിലെ അബൂദബിയിൽ ആദ്യമായി ഡ്രൈവറില്ലാ ഡെലിവറി വാഹനത്തിന് നമ്പർ പ്ലേറ്റ് അനുവദിച്ചു. അബൂദബി മസ്ദാർ സിറ്റിയിലാണ് ഈ വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുക. കെ 2, ഇ.എം.എക്‌സ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് മസ്ദാർ സിറ്റിയിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളുടെ സർവീസ് പരീക്ഷിക്കുന്നത്.
2040ഓടെ 25 ശതമാനം വാഹനങ്ങളും സ്മാർട് ഗതാഗത സംവിധാനങ്ങൾ വഴിയാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. അബൂദബി നിരത്തിലൂടെ സുരക്ഷിതമായി വാഹനം സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്മാർട് ഗതാഗത ഉപകരണങ്ങളും നിർമിതബുദ്ധിയും സംയോജിപ്പിച്ചതാണ് വാഹനം. മനുഷ്യസ്പർശമില്ലാതെ ഓർഡറുകളുടെ ഡെലിവറി സാധ്യമാക്കുന്നതാണ് ഈ വാഹനം.
കെ2 കമ്പനിയുടെ ഉപവിഭാഗമായ 'ഓട്ടോഗോ'യാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനം വികസിപ്പിച്ചത്. അബൂദബിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രൈവറില്ലാ ടാക്‌സികൾ നേരത്തേ സർവീസ് ആരംഭിച്ചിരുന്നു.