ദുബൈയിൽ 633 മില്യൺ ദിർഹമിന്റെ റോഡ് വികസനപദ്ധതി

അൽമുസ്തഖ്ബൽ സ്ട്രീറ്റിന്റെ മുഖഛായ മാറ്റും

Update: 2025-07-13 17:36 GMT

ദുബൈ: ദുബൈ നഗരത്തിൽ 633 മില്യൺ ദിർഹത്തിന്റെ പുതിയ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. വേൾഡ് ട്രേഡ് സെന്റർ, ഫിനാൻഷ്യൽ സെന്റർ എന്നിവക്ക് സമീപത്താണ് പുതിയ പാലങ്ങളും ടണലുകളും ഉൾപ്പെടെ വൻ റോഡ് വികസന പദ്ധതി നടപ്പാക്കുന്നത്.

ദുബൈ ഫ്യൂച്ചർ മ്യൂസിയം, മിക്ക ദിവസങ്ങളിലും അന്താരാഷ്ട്ര പ്രദർശനങ്ങളും സമ്മേളനങ്ങളും നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ, ധനകാര്യസ്ഥാപനങ്ങളുടെ കേന്ദ്രമായ ദുബൈ ഫിനാൻഷ്യൽ സെന്റർ എന്നിവയിലേക്ക് കടന്നുപോകുന്ന അൽമുസ്തഖ്ബൽ സ്ട്രീറ്റാണ് 633 മില്യൺ ദിർഹം ചെലവിൽ വികസിപ്പിക്കുന്നത്. പലപ്പോഴും വൻഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Advertising
Advertising

12,00 മീറ്റർ നീളം വരുന്ന മൂന്ന് ടണലുകൾ പദ്ധതിയുടെ ഭാഗമായി നിർമിക്കും. 450 മീറ്റർ നീളമുള്ള മേൽപാലവും നിർമിക്കും. ദേരയിലേക്ക് നീളുന്ന മൂന്നു ലൈനുള്ള ഇടനാഴിയിലൂടെ മണിക്കൂറിൽ 4,500 വാഹനങ്ങൾക്ക് കടന്നുപോകാനാവും. ദേരയേയും ജബൽ അലിയേയും ബന്ധിപ്പിക്കുന്ന രണ്ട് വരിയുള്ള ടണലിന് മണിക്കൂറിൽ 3,000 വാഹനങ്ങളെ ഉൾകൊള്ളാൻ കഴിയും. ഒറ്റവരിയുള്ള മറ്റൊരു ടണലിന് മണിക്കൂറിൽ 1,500 വാഹനങ്ങളെ ഉൾകൊള്ളാനാവും. അൽ മുസ്തഖബൽ സ്ട്രീറ്റിൽ 3.5 കിലോമീറ്റർ റോഡ് വികസിപ്പിക്കും. ഇരു ഭാഗത്തേക്കുമുള്ള റോഡ് മൂന്നു വരിയിൽ നിന്ന് നാലുവരിയാക്കും. പ്രധാന ഇൻറർസെക്ഷനിൽ റാമ്പ് നിർമിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ യാത്രാ സമയം 13 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയുമെന്നാണ് കണക്കുകൂട്ടൽ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News