ഇനി തണുത്ത് വിറക്കും; യുഎഇയിൽ ജനുവരി 15 മുതൽ എട്ട് രാത്രികളിൽ 'അൽ അസീറഖ്‍' കൊടും തണുപ്പെത്തും
ജനു.14 മുതൽ 26 ദിവസം അതിശൈത്യത്തിന്റെ ശബാത്ത് സീസൺ
ദുബൈ: യുഎഇയിൽ ഇനി അതിശൈത്യത്തിന്റെ ദിനങ്ങൾ. ജനുവരി 14 മുതൽ 26 ദിവസം നീളുന്ന ഔദ്യോഗിക ശൈത്യകാലത്തിന്റെ രണ്ടാം ഘട്ടമായ ഏറ്റവും തീവ്രതയേറിയ ശബാത്ത് സീസൺ ആരംഭിക്കും. ജനുവരി 15 മുതൽ എട്ട് രാത്രികളിൽ അൽ അസീറഖ്‍ എന്നറിയപ്പെടുന്ന കൊടും തണുപ്പെത്തുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആന്റ് ആസ്ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലുമായിരിക്കും ഈ കാലയളവിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുക. ഫെബ്രുവരി ഒന്നുമുതൽ 12വരെ ‘ദുർ അൽ ഥമാനീൻ’ എന്ന തണുത്ത ദിനങ്ങളും പ്രവചിക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് ഫെബ്രുവരി പകുതിവരെ തണുത്ത കാലാവസ്ഥ തുടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ജനുവരി 12നും 25നും ഇടയിലാണ് രാജ്യത്ത് സാധാരണ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. താപനില ഈ കാലയളവിൽ 8 മുതൽ 5 ഡിഗ്രി സെൽഷ്യസിന് താഴെ എത്താറുണ്ട്.