കൗതുകമുണര്‍ത്തി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഒട്ടകക്കറവ മത്സരം

മത്സരത്തിനെത്തുന്നത് 300 ഓളം ഒട്ടകങ്ങള്‍

Update: 2022-03-03 11:46 GMT
Advertising

വ്യത്യസ്ത ഇനം സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും കൊണ്ട് ശ്രദ്ദേയമായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ വേറിട്ട ഇനമായ ഒട്ടകപ്പാല്‍ കറവ മത്സരം അബുദാബിയില്‍ ഇന്ന് മുതല്‍ ഈ മാസം 8 വരെ നടക്കും.

യുഎഇയുടെ സാംസ്‌കാരിക-പൈതൃക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ മൂല്യംചോരാതെ സംരക്ഷിക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടാതെ ഒട്ടകങ്ങള്‍ എങ്ങനെയാണ് പാല്‍ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് നല്‍കുക, ഒട്ടകങ്ങളുടെയും അമൂല്യമായ ഒട്ടകപ്പാല്‍ ഉല്‍പന്നങ്ങളുടെയും വന്‍ വിപണി പ്രയോജനപ്പെടുത്താന്‍ ഉടമകളെ പിന്തുണയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സംഘാടകര്‍ക്കുണ്ട്.




 

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നും, മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള 300 ഓളം ഒട്ടകങ്ങള്‍ മത്സരത്തിന്റെ ഭാഗമാകും. പങ്കെടുക്കുന്ന എല്ലാ ഒട്ടകങ്ങളും ഈയടുത്തായി പ്രസവിച്ചവയായിരിക്കണം. കൂടാതെ അവയെ ഫെബ്രുവരി 27 നും മാര്‍ച്ച് ഒന്നിനുമിടയില്‍ പ്രീ ഹെല്‍ത്ത് ചെക്കപ്പിന് വിധേയമാകുകയും ചെയ്തിരിക്കണം.

രാവിലെയും വൈകുന്നേരവുമായി ഉടമകളോ അവര്‍ ഏല്‍പ്പിക്കുന്നവരോ ഒട്ടകങ്ങളുടെ പാല്‍ കറക്കണം. കറന്നെടുത്ത ഒട്ടകപ്പാല്‍ ജഡ്ജിങ് പാനലിന് മുന്നില്‍വെച്ച് നേരിട്ട് അളക്കും. ഓരോ ഒട്ടകത്തിന്റേയും മൊത്തം പാലിന്റെ അളവ് ഓരോ ദിവസവും രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് മത്സര വിജയികളെ തീരുമാനിക്കുന്നത്.

ഒട്ടകങ്ങളുടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തിന് 300,000 യുഎഇ ദിര്‍ഹം, രണ്ടാം സ്ഥാനത്തിന് 200,000, മൂന്നാം സ്ഥാനത്തിന് 100,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനത്തുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News