ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ ഒഴുകിയത് യുഎഇയിലേക്ക്, രണ്ടാമത് സൗദി

രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുടെ വിദേശ മൂലധന നിക്ഷേപം 19.5 ബില്യണ്‍ ഡോളറാണ്

Update: 2022-01-17 06:51 GMT

2021ല്‍ ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഒഴുകിയെത്തിയത് യുഎഇയിലേക്കെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് അറിയിച്ചു. സൗദിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

കോവിഡ് പാന്‍ഡെമിക്കിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്ന് യുഎഇ അതിവേഗം തിരിച്ചുവന്നതാണ് രാജ്യത്തേക്കുള്ള വിദേശ മൂലധന പ്രവാഹം വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയുടെ ചീഫ് എക്കണോമിക് അനലിസ്റ്റ് ജബ്രിസ് ഇറാഡിയന്‍ അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍: ക്യാപിറ്റല്‍ ഫ്‌ളോസ് റിപ്പോര്‍ട്ട്' എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍.

Advertising
Advertising

ഏകദേശം 46.4 ബില്യണ്‍ ഡോളറാണ് 2021ല്‍ യുഎഇയിലേക്കെത്തിയ വിദേശ മൂലധനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ 21.8 ബില്യണ്‍ ഡോളറും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുടെ വിദേശ മൂലധന നിക്ഷേപം 19.5 ബില്യണ്‍ ഡോളറാണ്.

'2020ല്‍ ആറു ജിസിസി അംഗരാജ്യങ്ങളിലുമായുള്ള മൊത്തം പ്രവാസി മൂലധനം 21 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2021ല്‍ അത് 142 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വിദേശ മൂലധന നിക്ഷേപത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ വര്‍ധനയുടെ പ്രധാന കാരണം. അന്താരാഷ്ട്ര നാണയ നിധിയുടെ 'പ്രത്യേക ഡ്രോയിങ് അവകാശങ്ങള്‍' അനുവദിച്ചതും 2021 ല്‍ ജിസിസി രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യുഎഇയിലേക്കും സൗദിയിലേക്കും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി.

യുഎഇയിലേക്കും സൗദി അറേബ്യയിലേക്കുമെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂല്യം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലേയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ബിസിനസ്സ് സൗഹൃദ അന്തരീക്ഷവുമാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News