ഇനി ജനകോടികളുടെ ഓർമകളിൽ; അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു

സഹോദരൻ രാമപ്രസാദ് കർമങ്ങൾ നിർവഹിച്ചു

Update: 2022-10-03 17:02 GMT
Editor : banuisahak | By : Web Desk

ദുബൈ: ഇന്നലെ അന്തരിച്ച പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈ ജബൽ അലിയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം പേർക്ക് മാത്രമാണ് സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്.

യു എ ഇ സമയം വൈകുന്നേരം അഞ്ചരക്ക് ശേഷമാണ് ജബൽഅലിയിലെ ഹിന്ദു ശ്മശാനത്തിൽ അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകർമങ്ങൾ നടന്നത്. സഹോദരൻ രാമപ്രസാദ് കർമങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ ഇന്ദിര, മകൾ ഡോ. മഞ്ജു, മരുമകൻ അരുൺ നായർ, കൊച്ചുമക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertising
Advertising

രണ്ടുദിവസം മുമ്പാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസക്കിടെ ഇന്നലെ രാത്രി 11ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

1942 ൽ തൃശൂരിൽ ജനിച്ച എം എം രാമചന്ദ്രൻ എന്ന അറ്റ്ലസ് രാമചന്ദ്രൻ ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 ൽ കുവൈത്തിൽ പ്രവാസത്തിന് തുടക്കമിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ജ്വല്ലറി മുതൽ ആശുപത്രി വരെയുള്ള സംരംഭങ്ങൾ തുടങ്ങി. പതിറ്റാണ്ടുകൾ ബിസിനസ് രംഗത്ത് സജീവമായിരുന്നു.

വൈശാലി, വാസ്തുഹാര, സുകൃതം, ധനം തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ നിർമാതാവാണ്. സുഭദ്രം, അറബിക്കഥ, ടു ഹരിഹർ നഗർ തുടങ്ങി പത്തിലേറെ സിനിമകളിൽ അഭിനയിച്ചു. 2010 ൽ 'ഹോളിഡേയ്സ്' എന്ന സിനിമ സംവിധാനം ചെയ്തു. 'ചലച്ചിത്രം' എന്ന സിനിമാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. സിനിമാ വിതരണരംഗത്തും ഏറെക്കാലം സജീവമായി. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി പരസ്യചിത്രങ്ങളിൽ തിളങ്ങിയ അറ്റ്ലസ് രാമചന്ദ്രന്റെ പരസ്യവാചകങ്ങളും മലയാളികൾക്ക് സുപരിചിതമാണ്.

2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന് മൂന്ന് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു. മാസങ്ങൾക്ക് മുമ്പാണ് ദുബൈയിലെ വസതിയിൽ അദ്ദേഹം എൺപതാം പിറന്നാൾ ആഘോഷിച്ചത്. ബിസിനസ് രംഗത്ത് വീണ്ടും സജീവമാകണം എന്ന സ്വപ്നങ്ങൾക്കിടെയാണ് അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗം. കേസ് നിലനിൽക്കുന്നതിനാൽ ഏഴുവർഷമായി നാട്ടിലെത്താനുള്ള മോഹവും നിറവേറിയില്ല. അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗത്തോടെ നഷ്ടമായത് ജനകോടികളുടെ വിശ്വസ്ഥനായ വ്യവസായിയെ മാത്രമല്ല ഭാഷയെയും കലയെയും സിനിമയെയും നെഞ്ചേറ്റിയ സഹൃദയനെ കൂടിയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News