വെറുതെ കിട്ടുന്ന വൈഫൈ ഉപയോഗിച്ചാൽ പണികിട്ടും! യുഎഇയിൽ സൈബർ കുറ്റവാളികൾ കൂടുന്നു
യാത്രക്കാർക്ക് ബയോമെട്രിക് ലോക്ക് സജീവമാക്കാനും സുരക്ഷിതമായ പാസ്‌കോഡ് ഉപയോഗിക്കാനും നിർദേശം
ദുബൈ: അൺലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും ചിലർ വെറുതെ കിട്ടുന്ന വൈഫൈ ഉപയോഗിക്കാൻ മടിക്കാറില്ല. അത്തരം പിശുക്കന്മാർക്ക് യുഎഇയിൽ പണികിട്ടിക്കൊണ്ടിരിക്കുകയാണ്. വ്യാജ വൈഫൈ നെറ്റ്‌വർക്കുകൾ, ജ്യൂസ് ജാക്കിങ് ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന സൈബർ ഭീഷണികളെക്കുറിച്ച് യുഎഇ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
വിമാനത്താവളങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുന്നതും പൊതു ചാർജിങ് പോർട്ടുകളിൽ ഫോൺ ചാർജ് ചെയ്യുന്നതും സാധാരണമാണ്. എന്നാൽ സൈബർ കുറ്റവാളികൾക്ക് ഇതിലൂടെ കൃത്യമായ അവസരമാണ് ലഭിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ബയോമെട്രിക് ലോക്ക് സജീവമാക്കാനും സുരക്ഷിതമായ പാസ്‌കോഡ് ഉപയോഗിക്കാനും യാത്രക്കാർക്ക് അധികൃതരുടെ നിർദേശം.
ഓട്ടോ ലോക്ക് സമയം കുറക്കാനും ലോക്ക് സ്ക്രീനിൽ മെസേജുകളുടെ പ്രിവ്യൂ നിയന്ത്രിക്കാനും അധികൃതർ ഗുണദോഷിക്കുന്നു. ബാങ്കിങ്, ഇമെയിൽ ആവശ്യങ്ങൾക്കായി സെല്ലുലാർ ഡാറ്റയോ സ്വന്തം ഹോട്ട്‌സ്‌പോട്ടോ ഉപയോഗിക്കണമെന്നും അധികൃതർ ഉപദേശിക്കുന്നു. വ്യാജ വൈഫൈ നെറ്റ്‌വർക്കുകൾ, തട്ടിപ്പ് പേയ്‌മെന്റ് ലിങ്കുകൾ, ഫിഷിങ് ഇമെയിലുകൾ, 'ജ്യൂസ് ജാക്കിങ്' എന്നിവയാണ് യാത്രക്കാർ നേരിടുന്ന പ്രധാന ഭീഷണികൾ.