ഒരു വർഷം പാഴാകുമെന്ന ആശങ്ക വേണ്ട! യുഎഇയിൽ ഇനി കെജി, ഗ്രേഡ് 1 സ്കൂൾ പ്രവേശന പ്രായപരിധിക്ക് പുതിയ തിയ്യതി
ഓഗസ്റ്റ് 31 ൽ നിന്ന് ഡിസംബർ 31 ലേക്കാണ് മാറ്റം
ദുബൈ: യുഎഇയിൽ കെജി, ഗ്രേഡ് 1 സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധിയുടെ തിയ്യതി പ്രഖ്യാപിച്ചു. 2026–2027 അധ്യയന വർഷം മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നത്. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ നിയമം ബാധിക്കില്ല. പുതിയ നിയമപ്രകാരം ഡിസംബർ 31 ആണ് പുതിയ ഔദ്യോഗിക പ്രായപരിധിയുടെ തിയ്യതി. മുമ്പ് ഓഗസ്റ്റ് 31 ആയിരുന്നു പ്രവേശന പ്രായപരിധിയുടെ തിയ്യതി. ഓഗസ്റ്റിലോ സെപ്റ്റംബറിലോ അധ്യയന വർഷം തുടങ്ങുന്ന എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ഈ നിയമം ബാധകമാകും. ഏപ്രിലിൽ ക്ലാസുകൾ തുടങ്ങുന്ന സ്കൂളുകൾക്ക് മാർച്ച് 31 തന്നെയാകും കട്ട്-ഓഫ് തിയ്യതി.
ഏകീകൃത പ്രവേശന മാനദണ്ഡങ്ങളിലൂടെ പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ഉറപ്പാക്കുകയും വിദ്യാഭ്യാസനയങ്ങളെ അന്താരാഷ്ട്ര നിലവാരവുമായും ദേശീയ വികസന ലക്ഷ്യങ്ങളുമായും ഒത്തിണക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. സമഗ്രമായ പഠനം നടത്തിയാണ് യുഎഇ വിദ്യാഭ്യാസമേഖലയിൽ പുതിയ നീക്കത്തിനൊരുങ്ങുന്നത്. കുട്ടികളുടെ വൈജ്ഞാനികവും ഭാഷാപരവുമായ കഴിവ്, കായികക്ഷമത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് നടത്തിയ ദേശീയ-അന്തർദേശീയ ഗവേഷണങ്ങളുടെ പിൻബലത്തിലാണ് ഈ നയമാറ്റം.
മുൻ വർഷത്തെ പ്രവേശന തിയ്യതികൾ പ്രകാരം മൂന്ന്, നാല്, അഞ്ച് വയസ്സുകളിൽ സ്കൂളിൽ ചേർന്ന 39,000-ത്തിലധികം വിദ്യാർഥികളുടെ ദേശീയ വിവരശേഖരമാണ് ഇതിനായി വിശകലനം ചെയ്തത്. നേരത്തെ സ്കൂളിൽ പ്രവേശനം നേടുന്നത് കുട്ടികളുടെ പഠനനിലവാരത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് അക്കാദമിക് ലെവൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. ചില സന്ദർഭങ്ങളിൽ മൂന്ന് വയസ്സിൽ പ്രവേശനം നേടിയ കുട്ടികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതായും കണ്ടെത്തി. അതേസമയം വൈകിച്ചേർന്ന വിദ്യാർഥികൾ പഠനത്തിൽ പിന്നാക്കം പോകുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഓഗസ്റ്റ് 31 എന്ന സമയപരിധിക്ക് തൊട്ടുപിന്നാലെ ജനിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഗണിച്ചാണ് ഈ മാറ്റം വരുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്ക് സ്കൂളിലോ നഴ്സറിയിലോ പ്രവേശനം ലഭിക്കാതെ ഒരു വർഷത്തോളം പഠനത്തിനായി കാത്തിരിക്കേണ്ടിവരുന്നത് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. 2021-ലെ മന്ത്രിതല തീരുമാനപ്രകാരം, കിന്റർഗാർഡൻ പ്രവേശനത്തിന് ഓഗസ്റ്റ് 31-ന് കുറഞ്ഞത് നാല് വയസ്സ് തികയണമായിരുന്നു. യോഗത്തിൽ ഈ നിയമത്തിൽ മൂന്ന് മാസത്തെ ഇളവ് നൽകണമെന്ന് റാസൽഖൈമയിൽ നിന്നുള്ള കൗൺസിൽ അംഗം സഈദ് അൽ ആബ്ദി വിദ്യാഭ്യാസമന്ത്രി സാറാ അൽ അമിരിയോട് അഭ്യർഥിച്ചിരുന്നു. പലരും പ്രകടിപ്പിച്ച ആശങ്കകൾക്ക് പുതിയ മാറ്റം ഉചിതമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.