ഇടപാടുകാരുടെ വിവരങ്ങള്‍ വിറ്റ ബാങ്ക് ജീവനക്കാരന് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ

100 ഓളം ബാങ്ക് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളാണ് ഇയാള്‍ കൈക്കലാക്കിയിരുന്നത്

Update: 2022-01-13 13:30 GMT
Advertising

ദുബൈ: അധികാരം ദുരുപയോഗം ചെയ്ത് 100 ഓളം ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് വിറ്റതിന്റെ പേരില്‍ 44 കാരനായ ബാങ്ക് കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരനെ ദുബൈ ക്രിമിനല്‍ കോടതി മൂന്നുവര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചു.

2021 മാര്‍ച്ചില്‍ ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരനാണെന്നവകാശപ്പെട്ട് ഒരാള്‍ തന്നെ വഞ്ചിച്ചതായി ബാങ്കിന്റെ ഇടപാടുകാരിലൊരാള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസില്‍ അന്വേശണമമാരംഭിച്ചത്. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കാന്‍ ബാങ്ക് ഡാറ്റകള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്.

സംശയങ്ങളൊന്നുമില്ലാതിരിക്കാന്‍ വേണ്ടി, വിളിച്ചയാള്‍ തന്റെ അക്കൗണ്ട് വിശദാംശങ്ങളും ബാങ്ക് കാര്‍ഡ് നമ്പരും അക്കൗണ്ടിലുള്ള തുകയും വരെ കൃത്യമായി പറഞ്ഞാണ് പരാതിക്കാരന്റെ വിവരങ്ങള്‍ ചോര്‍ത്തിയത്. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അക്കൗണ്ടില്‍ നിന്ന് 10,000 ദിര്‍ഹം പിന്‍വലിച്ചതായി സന്ദേശവും ലഭിച്ചു. ഇത്തരം ചില സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെടുന്നത്.

ബാങ്കിന്റെയും പോലീസ് അന്വേഷണത്തിലും ജീവനക്കാരന്‍ തട്ടിപ്പ് നടന്ന തീയതിക്ക് മുമ്പ് ആറ് തവണ ഇരയുടെ അക്കൗണ്ടിലേക്ക് പ്രവേശിച്ചതായി കണ്ടെത്തിുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

20,000 ദിര്‍ഹത്തിനും മോഷ്ടിച്ച തുകയുടെ ഒരു ശതമാനത്തിനും പകരമായി ബാങ്കിലെ ഇടപാടുകാരുടെ ഫോണ്‍ നമ്പരുകളും, കാര്‍ഡ്, അക്കൗണ്ട് വിശദാംശങ്ങളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി സമ്മതിച്ചു. ഇതിന്റെ ഭാഗമായി 100 ഓളം ബാങ്ക് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളാണ് ഇയാള്‍ കൈക്കലാക്കിയിരുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News